ലണ്ടന്‍ : വിമ്പിള്‍ഡന്‍ ടെന്നിസില്‍ മുന്‍ വനിതാ ചാംപ്യന്‍ വീനസ് വില്യംസ് ആദ്യ ദിവസത്തെ മത്സരത്തില്‍ തന്നെ തോല്‍വി സമ്മതിച്ചു. അമേരിക്കക്കാരി വില്യംസിനെ വീഴ്ത്തിയത് റഷ്യക്കാരി എലേന വെസ്‌നീനയാണ്(6-1, 6-3).
അഞ്ചു തവണ കിരീടമണിഞ്ഞ ചരിത്രമുള്ള വീനസ് വിമ്പിള്‍ഡനില്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്നത് ആദ്യമാണ്. 15 വര്‍ഷത്തിനിടെ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ വീനസ് നേരിട്ട ഏറ്റവും വലിയ തോല്‍വി കൂടിയാണ് ഇത്.
വനിതകളില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയും ചൈനയുടെ ലീ നായും ആദ്യ റൗണ്ട് കടന്നു. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ചും സ്വിസ് താരം റോജര്‍ ഫെഡററും രണ്ടാം റൗണ്ടിലെത്തി.
ഒന്നാംസീഡും ലോക ഒന്നാംനമ്പറുമായ ദ്യോക്കോവിച്ച് സ്‌പെയിനിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ യുവാന്‍ കാര്‍ലോസ് ഫെരേരൊയെയാണ് ആദ്യകളിയില്‍ വീഴ്ത്തിയത്(6-3, 6-3, 6-1). ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നഡാലിനോട് തോറ്റ ദ്യോക്കോവിച്ച് സ്പാനിഷ് എതിരാളികള്‍ക്കെതിരെ തുടക്കത്തില്‍ പതറിയിരുന്നു. എന്നാല്‍ ആദ്യ സര്‍വീസ് ഗെയിം നഷ്ടമായതിനുശേഷം മികവിലേക്കുയര്‍ന്ന സെര്‍ബ്താരം നേരിട്ടുള്ള സെറ്റുകളില്‍ ജയം നേടി.
മറ്റ് കളികളില്‍ മുന്നാം സീഡായ പോളണ്ടിന്റെ അഗ്‌നീഷ്യ റഡ്വാന്‍സ്‌ക സ്ലോവാക്യയുടെ മഗ്ദലീന റൈബറിക്കോവയെയും (6-3, 6-3) ചൈനയുടെ 11ാം സീഡ് നാ ലീ, കസാഖ് താരം കെസ്‌നിയ പെര്‍വക്കിനേയും കീഴടക്കി (6-3, 6-1).