കമല്‍ സാറിനൊപ്പം അവര്‍ ലാലേട്ടന്റെ പേരും പറഞ്ഞു; കല്‍ക്കിയില്‍ അവസാനം വരെ അദ്ദേഹത്തെ പരിഗണിച്ചു: വേണുഗോപാല്‍
Entertainment
കമല്‍ സാറിനൊപ്പം അവര്‍ ലാലേട്ടന്റെ പേരും പറഞ്ഞു; കല്‍ക്കിയില്‍ അവസാനം വരെ അദ്ദേഹത്തെ പരിഗണിച്ചു: വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd August 2024, 8:46 pm

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം എന്നിവരും മലയാളികളായ ശോഭന, അന്ന ബെന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും സിനിമയില്‍ ഒന്നിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കല്‍ക്കിയില്‍ മലയാളികളായ നിരവധി ആളുകള്‍ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ മലയാളിയായ വേണുഗോപാല്‍ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്നു.

കല്‍ക്കിയില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരെ അവരുടെ കഥാപാത്രത്തിലേക്ക് ആദ്യമേ തന്നെ ഫിക്‌സ് ചെയ്തിരുന്നെന്നും എന്നാല്‍ കമല്‍ ഹാസന്റെ യാസ്‌കിന്‍ എന്ന കഥാപാത്രം അങ്ങനെ ആയിരുന്നില്ലെന്നും പറയുകയാണ് വേണുഗോപാല്‍. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ കഥാപാത്രത്തിലേക്ക് മോഹന്‍ലാലിന്റെ പേരും പരിഗണിച്ചിരുന്നുവെന്നും പിന്നെ എന്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്ന് അറിയില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

‘അശ്വത്ഥാമാവായും ഭൈരവയായും എത്തുന്നത് അമിതാഭ് ബച്ചനും പ്രഭാസുമാണ് എന്ന കാര്യം ആദ്യമേ തന്നെ എനിക്ക് അറിയാമായിരുന്നു. അതിന്റെ ഡിസൈനൊക്കെ എനിക്ക് ചെയ്യാന്‍ ഉണ്ടായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരെയൊക്കെ ആദ്യമേ തന്നെ ഫിക്‌സ് ചെയ്തിരുന്നു. പിന്നെ യാസ്‌കിന്റെ കാര്യത്തിലാണ് ഒരു സംശയം ഉണ്ടായിരുന്നത്. നാഗ് സാറിന് ആ ലെവലില്‍ ഉള്ള ഒരാള്‍ തന്നെ വേണമായിരുന്നു. ഞങ്ങള്‍ എ.ഡി ടീമുകള്‍ ലാല്‍ സാറിന്റെ പേരായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെയും കമല്‍ സാറിന്റെയും പേരുകളായിരുന്നു അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്നത്.

പക്ഷെ ഫൈനലൈസ് ചെയ്യുമ്പോള്‍ കമല്‍ സാറാണ് ആ കഥാപാത്രത്തിലേക്ക് എത്തിയത്. എന്തുകൊണ്ടായിരുന്നു അതെന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ ലാല്‍ സാറിന് അടുത്ത് കഥയുമായി എത്തിയിട്ടുണ്ടാകില്ല. ഞങ്ങളൊക്കെ ലാല്‍ സാറിനെയായിരുന്നു പറഞ്ഞത്. അവിടെയുള്ള ഗ്രൂപ്പ് മൊത്തം കമല്‍ സാറിന്റെയും ലാല്‍ സാറിന്റെയും പേര് തന്നെയായിരുന്നു മുന്നോട്ട് വെച്ചത്. നാഗ് സാര്‍ ആണെങ്കില്‍ വരുന്ന മലയാള സിനിമകളൊക്കെ അപ്പപ്പോള്‍ തന്നെ കാണുന്ന ആളാണ്. അദ്ദേഹത്തിന് മലയാള സിനിമകളൊക്കെ ഒരുപാട് ഇഷ്ടമാണ്. ആവേശം ഉള്‍പ്പെടെ അദ്ദേഹം കണ്ടിട്ടുണ്ട്. അതും തിയേറ്ററില്‍ പോയി തന്നെയാണ് കണ്ടത്,’ വേണുഗോപാല്‍ പറഞ്ഞു.


Content Highlight: Venugopal Says Mohanlal Was Also Considered For The Role Of Kamal Haasan’s Character Yaskin in Kalki 2898 AD