| Wednesday, 26th January 2022, 10:25 am

മുമ്പില്ലാത്ത തരത്തില്‍ വേദികള്‍ കിട്ടുന്നു; മുന്‍ ഹരിത നേതാക്കളെ മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ്- ഹരിത വിവാദത്തിന് തുടക്കമിട്ട വനിതാ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയ, മുഫീദ തെസ്‌നി, നജ്മ തബ്ഷീറ എന്നിവര്‍ക്കെതിരെയാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്.

മീഡിയ വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ളവര്‍ സത്രീ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നായിരുന്നു വനിതാ നേതാക്കള്‍ ഉന്നയിച്ച വിഷയം.

പി.കെ. നവാസിനെതിരെ കോടതി നടപടികളുമായി വനിതാ നേതാക്കള്‍ മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടികളെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എതിര്‍ പാളയത്തില്‍ ചേക്കേറിയേക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍.

ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുമ്പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും ചില ലീഗ് നേതാക്കള്‍ അസ്വസ്ഥയുണ്ടാക്കുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വനിതാ നേതാക്കള്‍ ഷീറോ (സോഷ്യല്‍ എംപര്‍മെന്റ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍) എന്ന പുതിയ കൂട്ടായ്മ രൂപീകിച്ചിട്ടുണ്ട്. മുഫീന തെസ്നിയാണ് ഷീറോയുടെ ചെയര്‍പേഴ്സണ്‍. ഇവരെക്കൂടാതെ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫസീല, ഫര്‍സാന എന്നിവര്‍ വൈസ് ചെയര്‍പേഴ്സണും ജോയ്ന്റ് സെക്രട്ടറിയുമാണ്.

എം.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ഫവാസ്, മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് മൂന്ന് പേരെയും നീക്കിയിട്ടുണ്ട്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി.


Content Highlights: Venues are getting like never before; Former Green leaders may be expelled from the Muslim League

We use cookies to give you the best possible experience. Learn more