കമല്‍ ഹാസനാണ് ഗുണാ സിനിമ ഡയറക്ട് ചെയ്തതും ആ ഭാഗങ്ങള്‍ എഴുതിയതും; അദ്ദേഹത്തിന് കേവിനെ കുറിച്ച് അറിയാമായിരുന്നു: വേണു
Film News
കമല്‍ ഹാസനാണ് ഗുണാ സിനിമ ഡയറക്ട് ചെയ്തതും ആ ഭാഗങ്ങള്‍ എഴുതിയതും; അദ്ദേഹത്തിന് കേവിനെ കുറിച്ച് അറിയാമായിരുന്നു: വേണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th March 2024, 1:03 pm

സന്താന ഭാരതി സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുണാ. കമല്‍ ഹാസന്‍ നായകനായ ഈ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമയാണ്.

മികച്ച പ്രമേയത്തിനും പ്രകടനത്തിനും ഗുണാ നിരൂപക പ്രശംസ നേടിയിരുന്നു. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഈ ചിത്രം സ്വന്തമാക്കി.

ബിഹൈന്‍ഡ്‌വുഡ്സ് കോള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഗുണാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിനിമാറ്റോഗ്രാഫറായ വേണു.

‘ആ പടത്തിന് ഒരു ഡയറക്ടര്‍ ഉണ്ടെങ്കിലും കമല്‍ ഹാസന്‍ തന്നെയാണ് ആ പടം ഡയറക്ട് ചെയ്തത്. ഡയറക്ഷന്‍ മാത്രമല്ല ആ കഥയുടെ പല ഭാഗങ്ങള്‍ എഴുതിയതും അദ്ദേഹം തന്നെയാണ്. പേര് വെക്കാനുള്ള മടി കാരണം ചെയ്യാത്തതാണ് അത്.

ഓരോ സീനും പുള്ളി തന്നെ തീരുമാനിക്കുന്നതാണ്. അവിടെ നമുക്ക് ഒന്നും ചെയ്യാനില്ല. ക്യാമറയുമായി ചുറ്റും കറങ്ങിയാല്‍ മാത്രം മതി. പറയുമ്പോള്‍ എളുപ്പമാണ്. എന്നാല്‍ പോലും ടെക്‌നിക്കലി അത് മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ,’ വേണു പറഞ്ഞു.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയും ഗുണാ ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനായിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം അത് ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി. തങ്ങള്‍ ഷൂട്ടിനായി ആ കേവിനുള്ളില്‍ പോയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഞങ്ങള്‍ അന്ന് സിനിമയുടെ ഷൂട്ടിന് വേണ്ടി അവിടെ പോകുമ്പോള്‍ ആകെ അപകടം പിടിച്ച അവസ്ഥയിലായിരുന്നു. ആദ്യം അവിടെ എത്തിയപ്പോള്‍ വലിയ പൊക്കത്തില്‍ ഇലകള്‍ അടിഞ്ഞിട്ടുണ്ടായിരുന്നു.

ചളിയല്ലാത്ത മറ്റെന്തോ ഒന്ന് കൊണ്ട് മൂടപ്പെട്ട അവസ്ഥയായിരുന്നു. കാല് കുത്തിയാല്‍ പ്രയാസമാകും. മാത്രമല്ല അവിടെ ചുറ്റും മീഥൈന്‍ ഗ്യാസും മറ്റും ഉണ്ടായിരുന്നു. കമലിന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയാമായിരുന്നു. അപ്പോള്‍ തന്നെ കമല്‍ ആരും തീപ്പെട്ടി ഉരക്കരുതെന്ന് പറഞ്ഞതോടെ ഞങ്ങള്‍ അവിടുന്ന് മാറി,’ വേണു പറഞ്ഞു.


Content Highlight: Venu Says Kamal Haasan Was The Director Of Gunaa Movie