അന്ന് ഗുണാ ഹിറ്റ് പടമായിരുന്നില്ല; രജിനി ചിത്രത്തിനൊപ്പമുള്ള റിലീസ്; ഞാനും കമല്‍ സാറും മാത്രമിരുന്ന് ആദ്യ ഷോ കണ്ടു: വേണു
Film News
അന്ന് ഗുണാ ഹിറ്റ് പടമായിരുന്നില്ല; രജിനി ചിത്രത്തിനൊപ്പമുള്ള റിലീസ്; ഞാനും കമല്‍ സാറും മാത്രമിരുന്ന് ആദ്യ ഷോ കണ്ടു: വേണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th March 2024, 4:39 pm

1991ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രമാണ് ഗുണാ. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ സിനിമ സംവിധാനം ചെയ്തത് സന്താന ഭാരതിയാണ്. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ സ്വന്തമാക്കിയ ചിത്രം മികച്ച പ്രമേയത്തിനും പ്രകടനത്തിനുമുള്ള നിരൂപക പ്രശംസയും നേടിയിരുന്നു.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയും ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷനായിരുന്നു. സിനിമ പുറത്തുവന്നതോടെ ആ ഗുഹ പിന്നീട് ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമയുടെ റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുകയാണ് ഗുണാ.

ഗുണാ സിനിമ റിലീസായ സമയത്ത് അത് ഒരു ഹിറ്റ് പടമായിരുന്നില്ലെന്ന് പറയുകയാണ് സിനിമാറ്റോഗ്രാഫറായ വേണു. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്നത്തെ കാലത്ത് ഗുണാ ഒരു ഹിറ്റ് പടമായിരുന്നില്ല. അങ്ങനെയുള്ള ഒരു പടത്തെ പറ്റി അന്നാരും ചര്‍ച്ച പോലും ചെയ്തില്ല. ഇതിന്റെ കൂടെ റിലീസായ ചിത്രമായിരുന്നു ദളപതി. ഇപ്പോള്‍ ദളപതിയെ കുറിച്ച് ആരും സംസാരിക്കാത്തത് അതില്‍ പുതുതായി ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാകും. എന്നാല്‍ ഗുണാ സിനിമയെ പറ്റി അന്ന് ആരും സംസാരിച്ചിരുന്നില്ല.

അപ്പോള്‍ ഗുണാ ഇപ്പോഴാണ് ഹിറ്റായതെന്ന് വേണമെങ്കില്‍ പറയാം. ചില പടങ്ങള്‍ കുറേനാള്‍ കഴിഞ്ഞാകും കൂടുതല്‍ പോപ്പുലാരിറ്റി ഉണ്ടാകുന്നത്. അന്ന് ഞാനും കമല്‍ സാറും മാത്രമിരുന്നാണ് ആദ്യ ഷോ കാണുന്നത്. ഡയറക്ടറ് പോലും കൂടെ ഉണ്ടായിരുന്നില്ല,’ വേണു പറഞ്ഞു.

ഗുണാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും പലരുടെയും ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള സ്ഥലമായിരുന്നു ഗുണാ കേവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘അന്ന് ഷൂട്ടിങ് ലൊക്കേഷനില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പലരുടെയും ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള സ്ഥലമായിരുന്നു ആ കേവ്. കമല്‍ സാറായിരുന്നു ഈ സ്ഥലം കണ്ടെത്തിയിരുന്നത്. സിനിമയുടെ ഡയറക്ഷന്റെ ഒരുവിധം കാര്യങ്ങളൊക്കെ അദ്ദേഹം തന്നെയാണ് ചെയ്തത്. ആ സ്ഥലം പോയി കാണുന്നതും കമല്‍ സാറാണ്.

ആ കേവ് തന്നെയായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്. അതിന് മുമ്പ് വേറെ സ്ഥലം തീരുമാനിച്ചിരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് ഞങ്ങള്‍ പോകുമ്പോള്‍ ആളുകള്‍ അധികമെത്തുന്ന സ്ഥലമായിരുന്നില്ല അത്. വളരെ വൈല്‍ഡായ ഒരു പ്രദേശമായിരുന്നു ആ കേവ്. എന്നിട്ടും അവിടെ തന്നെ ഷൂട്ട് ചെയ്യാമെന്ന് കമല്‍ സാര്‍ തീരുമാനിക്കുകയായിരുന്നു,’ വേണു പറഞ്ഞു.


Content Highlight: Venu Says Gunaa Was Not A Hit Film Then