മാമാങ്കം എന്ന ചിത്രത്തിലൂടെ സിനിമാനിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് വേണു കുന്നപ്പിള്ളി. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തിന്റെ ഫേക്ക് കളക്ഷന്‍ പോസ്റ്ററുകള്‍ക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് മലയാളത്തിലെ മികച്ച നിര്‍മാതാക്കളിലൊരാളായി വേണു മാറി. 2018 എവരിവണ്‍ ഈസ് എ ഹീറോ, മാളികപ്പുറം, രേഖാചിത്രം തുടങ്ങിയ ഹിറ്റുകള്‍ വേണു നിര്‍മിച്ചു.
ആദ്യ ചിത്രമായ മാമാങ്കത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് വേണു കുന്നപ്പിള്ളി. ഒരുപാട് പ്രതിസന്ധികള്‍ മാമാങ്കത്തിന്റെ ഷൂട്ടിനിടെ നേരിടേണ്ടി വന്നെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. സംവിധായകന്‍ മാറുകയും സ്‌ക്രിപ്റ്റ് തിരുത്തിയെഴുതിയതുമുള്‍പ്പെടെ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടെന്നും അതെല്ലാം മറന്ന് അവസാനം കാണാന്‍ വേണ്ടി താന്‍ ആ സിനിമ പൂര്‍ത്തിയാക്കിയെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആളുകള്‍ പ്രതീക്ഷിച്ച സിനിമയായിരുന്നില്ല മാമാങ്കമെന്നും യഥാര്‍ത്ഥ ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം തയാറാക്കിയതെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. ചരിത്രത്തെപ്പറ്റി അറിവുള്ള ആളുകള്‍ക്ക് മാമാങ്കം ഇഷ്ടമായെന്നും എന്നാല്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് ചിത്രം ഇഷ്ടമായില്ലെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് മലയാളത്തില്‍ ഏത് സിനിമ റിലീസായാലും ഫാന്‍സുകാര്‍ തമ്മില്‍ ഡീഗ്രേഡിങ്ങും ഫാന്‍ ഫൈറ്റും നടക്കാറുണ്ടായിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞു. മാമാങ്കത്തിന്റെ ഷൂട്ടിനിടയില്‍ നടന്ന ഡീഗ്രേഡിങ്ങും മാമാങ്കത്തിന്റെ പരാജയത്തെ ബാധിച്ചെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വേണു കുന്നപ്പള്ളി.
‘മാമാങ്കം പടത്തിന്റെ ഷൂട്ടിനിടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. സംവിധായകനെ മാറ്റി, സ്‌ക്രിപ്റ്റ് തിരുത്തിയെഴുതി, നടന്മാരെ മാറ്റി. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അത് പാതിവഴിയില്‍ ഇട്ടിട്ടുപോകുന്നവരുണ്ട്. എന്നാല്‍ അതിന്റെ അവസാന കണ്ടിട്ടേ തിരിച്ചുപോകുന്നുള്ളൂവെന്ന് ഞാന്‍ തീരുമാനിച്ചു. ഒടുക്കം അത്രയും പ്രശ്‌നങ്ങള്‍ക്ക് ശേഷം പടം തിയേറ്ററില്‍ ഇറക്കി.
എന്നാല്‍ ഭൂരിഭാഗം ആളുകളും പ്രതീക്ഷിച്ച പടമായിരുന്നില്ല മാമാങ്കം. ചരിത്രത്തില്‍ സംഭവിച്ച കാര്യത്തെ അതേപടി സിനിമയാക്കുകയായിരുന്നു ഞങ്ങള്‍. ചരിത്രം അറിയാവുന്നവര്‍ക്ക് പടം വര്‍ക്കായി. അല്ലാത്തവര്‍ക്ക് പടം ഇഷ്ടപ്പെട്ടില്ല. മാത്രമല്ല, ആ സമയത്ത് ഫാന്‍സുകാര്‍ പരസ്പരം ഡീഗ്രേഡിങ്ങും ഫാന്‍ ഫൈറ്റുമായി നടക്കുകയായിരുന്നു. മാമാങ്കത്തിന്റെ ഷൂട്ടിനിടയില്‍ വേറൊരു സിനിമക്ക് ചെയ്ത ഡീഗ്രേഡിങ്ങ് തിരിച്ചടിച്ചതും പരാജയത്തിന്റെ കാരണങ്ങളിലൊന്നാണ്,’ വേണു കുന്നപ്പിള്ളി പറയുന്നു.
Content Highlight: Venu Kunnappilly about the failure of Mamangam