|

റിലീസിന് മുമ്പ് പ്രമോഷൻ നടത്തി പണം കളയാൻ താത്പര്യമില്ല: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രശസ്തനായ നിർമാതാവാണ് വേണു കുന്നപ്പിള്ളി. കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും കൂടിയാണ് അദ്ദേഹം. മാമാങ്കം എന്ന ചിത്രത്തിലൂടെയാണ് വേണു നിർമാണ രംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. മാമാങ്കം, ആഫ്റ്റർ മിഡ്നൈറ്റ്, മാളികപ്പുറം, 2018, ചാവേർ, ആനന്ദ് ശ്രീബാല, രേഖാചിത്രം എന്നിവയാണ് നിർമിച്ചത്.

2018, മാളികപ്പുറം, രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോൾ സിനിമ ഇറങ്ങുന്നതിന് മുമ്പ് പ്രമോഷൻ നടത്തി പണം മുടക്കാൻ താത്പര്യമില്ലെന്ന് തുറന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി. ജിഞ്ചർ മീഡിയ എൻ്റർടൈമെൻ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2018 സിനിമയ്ക്ക് വേണ്ടി കാര്യമായ പ്രമോഷൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

‘സിനിമയിലുള്ള വിശ്വാസം കൊണ്ടാണ് പ്രമോഷന് പോകുന്നത്. നമ്മൾ കാര്യമായി പ്രമോഷൻ നടത്തിയാൽ മാത്രമാണ് സിനിമയെ തിയേറ്ററിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു. 2018 നും കാര്യമായിട്ടുള്ള പ്രമോഷൻ ചെയ്തിട്ടില്ല. പലരും പറഞ്ഞിട്ടും ഞാൻ അതൊക്കെ ഒഴിവാക്കിയിരുന്നു.

പ്രമോഷന് വേണ്ടി ദുബായിലേക്കോ, ഖത്തറിലേക്കോ ആരേയും കൊണ്ട് പോകാറില്ല. എല്ലാവരോടും പറയാറുണ്ട്. സിനിമ സക്സസ് ആയിക്കഴിഞ്ഞാൽ ഉറപ്പായിട്ടും സക്സസ് പാർട്ടി നടത്താം. രേഖാചിത്രത്തിൻ്റെ സക്സസ് പാർട്ടി നടത്തിയിരുന്നു. അത് തെളിയിച്ച് കഴിഞ്ഞു, സിനിമ ഓടി, ഇത്രയ്ക്ക് പണം ലഭിച്ചു.

അതിൽ നിന്നും പണം എടുത്ത് അവരുടെ സന്തോഷത്തിന് വേണ്ടി ചിലവാക്കുന്നു. എന്നാൽ ചിത്രത്തിന് മുമ്പുള്ള പ്രമോഷൻ അങ്ങനെയല്ല, എല്ലാം കഴിഞ്ഞ് ചിത്രം റിലീസാക്കുന്നതിന് മുമ്പ് പ്രമോഷൻ നടത്തി ചിത്രം വിജയിച്ചില്ലെങ്കിൽ ആ പണവും എൻ്റെ കയ്യിൽ നിന്നും പോകും. 15 കൊല്ലം മുമ്പുള്ള പ്രമോഷനല്ല ഇപ്പോഴുള്ളത്,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

Content Highlight: Venu Kunnappilly about pre release promotion for his movies

Latest Stories