ഫിയോക്കിന്റെ തീരുമാനം വിഷമമുണ്ടാക്കി, യൂണിയനിലെ പ്രശ്നങ്ങളോ അണികളെ സംതൃപ്തരാക്കാനോ പറഞ്ഞതാവാം: വേണു കുന്നപ്പിള്ളി
Entertainment
ഫിയോക്കിന്റെ തീരുമാനം വിഷമമുണ്ടാക്കി, യൂണിയനിലെ പ്രശ്നങ്ങളോ അണികളെ സംതൃപ്തരാക്കാനോ പറഞ്ഞതാവാം: വേണു കുന്നപ്പിള്ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th June 2023, 11:55 pm

2018 സിനിമ ഒ.ടി.ടി. ക്ക് നൽകിയതിൽ ഫിയോക്കിന്റെ പ്രതികരണം വിഷമമുണ്ടാക്കിയെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി. സിനിമ ചിത്രീകരണത്തിനിടയിൽ തന്നെ ഒ.ടി.ടി. റിലീസ് സംബന്ധിച്ച എഗ്രിമെന്റിൽ ഒപ്പുവെച്ചിരുന്നെന്നും റിലീസിന് ശേഷം ഒരു മാസത്തിനകം ഒ.ടി.ടിക്ക് ചിത്രം വിട്ട് നൽകണമെന്നുമായിരുന്നു എഗ്രിമെന്റിൽ എന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫിയോക്കിന്റെ തീരുമാനം കേട്ടപ്പോൾ വളരെ വിഷമം തോന്നി. വളരെ ചെറിയ കാലയളവിലാണ് ഞങ്ങളുടെ രണ്ട് ചിത്രങ്ങളും പുറത്തുവന്നത്‌. ഒന്ന് 2018 മറ്റൊന്ന് മാളികപുറവും. ഈ രണ്ട് ചിത്രങ്ങളും തിയേറ്ററുടമകൾക്ക് ഒരു ആശ്വാസം ആയിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. മാളികപ്പുറം 45 ദിവസങ്ങളോക്കെ കഴിഞ്ഞാണ് ഒ.ടി.ടി. യിൽ ഇറങ്ങിയത്.

2018ന്റെ ഷൂട്ടിങ് കഴിയുന്നത് 2022 നവംബറിലാണ്. ഷൂട്ടിങ് നടക്കുമ്പോൾ തന്നെ പല ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെയും സമീപിച്ചിരുന്നു. കാരണം ഈ ചിത്രം അത്ര വലിയ ബജറ്റായിരുന്നു. തിയേറ്ററിൽ മാത്രം ചിത്രം ഓടിയാൽ മുടക്ക് മുതൽ കിട്ടുമോയെന്നുള്ള ഭയമെനിക്ക് ഉണ്ടായിരുന്നു. അഞ്ചോ ആറോ കോടി രൂപയാണെങ്കിൽ എനിക്ക് റിസ്ക് എടുക്കാമായിരുന്നു. പക്ഷെ ഇത് റിസ്ക് എടുക്കാൻ പറ്റുന്ന ഒരു തുക ആയിരുന്നില്ല,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് ഒപ്പുവെച്ചെന്നും റിലീസിന് ശേഷം ഒരുമാസത്തിനകം ഒ.ടി.ടി റിലീസ് ഉണ്ടാകണമെന്ന് സോണി ലിവ് നൽകിയ ഉടമ്പടിയിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘സോണി ലിവ് സിനിമയിൽ ഇൻട്രസ്റ്റ് കാണിച്ചു. അവർ സെറ്റിൽ വന്ന് കാണുകയും ചെയ്തു. സെറ്റിൽ വന്ന് ചർച്ചക്കൊടുവിൽ വാക്കാൽ എഗ്രിമെന്റ് ചെയ്തിരുന്നു. ഏകദേശം ഫെബ്രുവരിയോട്കൂടി എഗ്രിമെന്റിൽ ഒപ്പുവെക്കുകയും ചെയ്തു. അതിന് ശേഷം എട്ട് ശതമാനം തുക ഞങ്ങൾക്ക് കൈമാറി. അവർക്ക് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. റിലീസിന് ശേഷം 30 ദിവസത്തിനകം ചിത്രം ഒ.ടി.ടി. ക്ക് കൈമാറണമെന്നാണ് അവർ പറഞ്ഞത്. അല്ലാത്ത പക്ഷം ചിത്രം അവർക്ക് വേണ്ടെന്നും പറഞ്ഞു.

ഇത്രയും ആളുകൾ കണ്ട സിനിമയുടെ ഒ.ടി.ടി റിലീസ് നീട്ടികൂടെ എന്ന ചോദ്യം വരും. പക്ഷെ എഗ്രിമെന്റ്  ഒപ്പിട്ട് കൊടുത്ത സ്ഥിതിക്ക് നമുക്ക് പ്ലാൻ മാറ്റാൻ പറ്റില്ല. സോണി ലിവ് പോലുള്ള കോർപറേറ്റുമായി വെച്ച കരാർ വളരെ വലുതാണ്. നമ്മൾ ഒരു പറമ്പ് വാങ്ങുന്ന പോലെയല്ല. ധാരാളം പേജുകളുള്ള ഒരു കരാറിലാണ് ഒപ്പിട്ടത്. ഇതിനൊക്കെ കറക്ടായിട്ടുള്ള ക്ലോസുകൾ ഉണ്ട്. ഞങ്ങൾക്ക് പണത്തോട് ആർത്തിയാണെന്നൊക്കെ പറഞ്ഞത് മോശമായി പോയി. യൂണിയനുകളുടെ സമ്മർദ്ദം കൊണ്ടോ അണികളെ സംതൃപ്തരാക്കാനോ ചെയ്തതാണെന്നാണ് എനിക്ക് തോന്നുന്നത്,’ വേണു കുന്നപ്പിള്ളി.

2018 ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ് ഫിയോക്ക്. നേരത്തെ നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്നേ തന്നെ പല സിനിമകളും കരാര്‍ ലംഘിച്ച് ഒ.ടി.ടിയില്‍ എത്തുകയാണെന്നാണ് തിയേറ്ററുകാര്‍ പറയുന്നത്.

തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. ജൂണ്‍ ഏഴിന് 2018 ഒ.ടി.ടിയില്‍ റിലീസ് ചെയ്തു.

Content Highlights: Venu Kunnappilli on OTT release of 2018