ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്; ബസ് സ്റ്റാന്‍ഡില്‍ എന്നെ പുസ്തക കച്ചവടക്കാരനായി കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്: വേണു കുന്നപിള്ളി
Entertainment
ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്; ബസ് സ്റ്റാന്‍ഡില്‍ എന്നെ പുസ്തക കച്ചവടക്കാരനായി കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്: വേണു കുന്നപിള്ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th May 2023, 7:26 pm

താൻ ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണെന്ന് നിർമാതാവ് വേണു കുന്ന പിള്ളി.
സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇന്റർവ്യൂ എടുക്കാനൊന്നും ആരും വന്നിരുന്നില്ലെന്നും ആ ചിത്രം ചെയ്യുമ്പോൾ തനിക്ക് ബിസിനസ്സിൽ പരിചയക്കുറവുണ്ടായിരുന്നെനും അദ്ദേഹം പറഞ്ഞു.

മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചലച്ചിത്ര മേഖലയിലെ തന്റെ അനുഭവങ്ങൾ പറഞ്ഞത്.

‘മാമാങ്കം ഒരിക്കലും ഒരു വിജയ ചിത്രമായി ആളുകൾ കണക്കാക്കിയിരുന്നില്ല. ചിത്രം റിലീസ് ആയതിന്ശേഷം വിജയത്തിന് മുന്നോടിയായാലുള്ള ഇന്റർവ്യൂ എടുക്കാനൊന്നും ആരും വന്നിരുന്നില്ല.

ഏത് ബിസിനസ്സിലേക്കും ആദ്യമായി വരുമ്പോഴുമുള്ള പരിചയക്കുറവ് അന്നെനിക്കുണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്. അത് മൂടിവച്ചിട്ടൊന്നും കാര്യമില്ല. എങ്കിലും പല സാഹചര്യത്തിലും നിന്ന് പോകേണ്ടിയിരുന്ന ഒരു പ്രോജെക്റ്റിനെ ഞാൻ തിയേറ്ററിൽ എത്തിച്ചു. ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്തുവച്ചിട്ട് ഇടയ്ക്ക് വെച്ച് നിർത്തി പോകുന്നതാണ് ഏറ്റവും വലിയ പരാജയം.

അതിന്റെ നഷ്ടവും ലാഭവും എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഞാൻ എത്രയാണ് ആ സിനിമയിൽ മുടക്കിയിരിക്കുന്നതെന്നും, എത്ര ബിസിനസ്സ് നടന്നുവെന്നും, തീയേറ്ററിൽ നിന്നെത്ര കളക്ഷൻ കിട്ടിയെന്നും എനിക്ക് മാത്രമേ അറിയൂ. എനിക്കതിൽ വേറെ പാർട്നേഴ്സ് ഒന്നും ഇല്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

തന്റെ ഫേസ്ബുക് പോസ്റ്റുകൾക്ക് കീഴിൽ രസകരമായ കമന്റുകൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

‘ഇപ്പോഴും ചിത്രവുമായി ബന്ധപ്പെട്ട് എയറിയിലാണ്. പല ഗ്രൂപ്പുകളിലും ഇപ്പോഴും അത് വരുന്നുണ്ട്. തൃശൂർ ബസ് സ്റ്റാൻഡിൽ എന്നെ പുസ്തക കച്ചവടക്കാരുടെ കൂടെ വരെ കണ്ടിട്ടുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്.

ലണ്ടനിലെ എന്റെ ഷോപ്പിൽ നിന്നെടുത്ത സെൽഫി ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ എല്ലാം നഷ്ടപ്പെട്ടിട്ട് ഇപ്പോൾ ഷോപ്പിൽ ജോലിചെയ്യുന്നു എന്നും ആളുകൾ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറെ രസകരമായ കുറെ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഇതൊക്കെ ഫേസ്ബുക്കിൽ കാണുമ്പോൾ ചിരിക്കാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

വേണു കുന്നപ്പിള്ളിയുടെ നിർമാണത്തിൽ ജൂഡ് ആന്തണി ജോസഫ് നിർമിച്ച 2018 തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, ലാൽ, സുധീഷ്, അജു വർഗീസ്, തൻവി റാം തുടങ്ങിയ നീണ്ട താര നിര ചിത്രത്തിൽ അഭിനയിക്കുന്നു.

Content Highlights: Venu  Kunnappilli on Mamangam movie