| Friday, 10th January 2025, 10:22 am

മലയാള സിനിമയില്‍ ആളുകളോട് ഒരു ബഹുമാനവുമില്ലാതെ ചവിട്ടി താഴ്ത്തി പെരുമാറുന്നവരുമുണ്ട്: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളാണ് വേണു കുന്നപ്പിള്ളി. മമ്മൂട്ടി ചിത്രമായ മാമാങ്കം, ടിനു പാപ്പച്ചന്‍ ചിത്രമായ ചാവേര്‍, ജൂഡ് ആന്തണി ചിത്രമായ 2018, 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്നിവയെല്ലാം അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ എത്തിയ സിനിമകളാണ്.

ആളുകളോട് ഒരു ബഹുമാനവും ഇല്ലാതെ ചവിട്ടി താഴ്ത്തി പെരുമാറുന്ന പല ആര്‍ട്ടിസ്റ്റുകളും മലയാളത്തില്‍ ഉണ്ടെന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി. നമ്മളെ പോലെയുള്ള സാധാരണക്കാര് തന്നെയാണ് അവര്‍ക്ക് തലക്കനം കൂടാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തരായ ആള്‍ക്കാരാണെന്ന മിഥ്യാധാരണ അവര്‍ക്കുണ്ടെന്നും തന്റെ സിനിമാ ജീവിതത്തില്‍ കണ്ട കാര്യമാണ് ഇതെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മളെ പോലെയുള്ള സാധാരണക്കാര് തന്നെയാണ് ഇവര്‍ക്ക് തലക്കനം കൂടാന്‍ കാരണം. നമ്മള്‍ അത്രയേറെ റെസ്‌പെക്ട് കൊടുക്കുകയും അവരെ കാണുമ്പോള്‍ തന്നെ ചാടി എഴുന്നേല്‍ക്കുകയും ചെയ്യും. അങ്ങനെ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തരായ ആള്‍ക്കാരാണെന്ന മിഥ്യാധാരണ പലര്‍ക്കും വന്നിട്ടുണ്ട്.

നമ്മള്‍ ഏതൊരു മനുഷ്യനും റെസ്‌പെക്ട് കൊടുക്കുമല്ലോ. അടുത്ത് വരുന്നത് പിച്ചക്കാരനാണെങ്കില്‍ പോലും ‘എന്റെ അടുത്ത് ഒന്നുമില്ല പോകൂ’ എന്ന് പറയുന്നത് പോലും റെസ്‌പെക്ട് കൊടുത്തിട്ടാണ്. അതല്ലാതെ ഗെറ്റൗട്ട് അടിച്ചിട്ട് ‘ഇറങ്ങി പോടാ പുറത്ത്’ എന്നല്ലല്ലോ പറയുക.

ഒരു റെസ്‌പെക്ടും ഇല്ലാതെ ആളുകളെ ഭയങ്കരമായി ചവിട്ടി താഴ്ത്തി പെരുമാറുന്ന പല ആര്‍ട്ടിസ്റ്റുകളും മലയാളത്തിലുണ്ട്. ഉള്ള കാര്യമാണ് ഞാന്‍ പറയുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ കണ്ട കാര്യമാണ് ഞാന്‍ പറയുന്നത്,’ വേണു കുന്നപ്പിള്ളി പറയുന്നു.

Content Highlight: Venu Kunnampilli Talks About Actors In Malayalam Industry

We use cookies to give you the best possible experience. Learn more