| Wednesday, 7th June 2023, 11:59 pm

പല തിയേറ്ററുകളും അഡ്വാൻസ് തുക തന്നിട്ടില്ല, ഇനിയും കോടിക്കണക്കിന് രൂപ കിട്ടാനുണ്ട്: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018 സിനിമ തിയേറ്ററിൽ റിലീസിന് മുമ്പ് കിട്ടിയ ആകെ അഡ്വാൻസ് തുക രണ്ട് കോടി രൂപയാണെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി. പല തിയേറ്ററുകളും പണം തന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ 2018 സിസിനിമ മെയ് അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മേയ് അഞ്ചാം തിയതിക്ക് മുമ്പ് ആകെ വന്നത് രണ്ടുകോടി രൂപയാണ്. കുറച്ച് തിയേറ്ററുകൾ മാത്രമാണ് പണം
തന്നത്. ഏകദേശം ഒന്നോ രണ്ടോ ലക്ഷം രൂപയാണ് ഓരോ തിയേറ്ററുകളിൽ നിന്നും കിട്ടിയത്.

പണ്ടൊക്കെ വലിയ തുക തന്നിരുന്നു. ഇപ്പോൾ അങ്ങനെ കിട്ടുന്നില്ല. കാരണം, ചിത്രം നന്നായി ഓടിയില്ലെങ്കിൽ പണം പ്രൊഡ്യൂസർ അങ്ങോട്ട് കൊടുക്കേണ്ടി വരും. അങ്ങനെ ഒരു സ്ഥിതി ഉള്ളതുകൊണ്ടാവാം അവർ പണം താരാതിരുന്നത്. തിയേറ്ററുകാർക്ക് ഈ സിനിമയിൽ ഒരു പരിധിവരെ വിശ്വാസം ഉണ്ടായിരുന്നില്ല. ചിത്രത്തിൽ ഒരു സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ ചിലപ്പോൾ അവർ പണം തരുമായിരുന്നു,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

വലിയ പ്രതീക്ഷകൾ ഉള്ള ചിത്രങ്ങൾ തിയേറ്ററിൽ ഉണ്ടായിരുന്നതുകൊണ്ട് 2018 വേണമെങ്കിൽ മാത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാമെന്ന് തിയേറ്ററുടമകൾ പറഞ്ഞിരുന്നെന്നും അഡ്വാൻസ് തരില്ലെന്ന് പറഞ്ഞെന്നും കൂട്ടിച്ചേർത്തു.

‘ വലിയ വലിയ ചിത്രങ്ങളൊക്കെ തിയേറ്ററിൽ ഓടുന്ന സമയം ആയിരുന്നു. വേണമെങ്കിൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാം പക്ഷെ അഡ്വാൻസ് തരില്ലെന്ന് തിയേറ്ററുടമകൾ പറഞ്ഞിരുന്നു.

ഇപ്പോഴും നല്ലൊരു തുക തിയേറ്ററിൽ നിന്നും കിട്ടാനുണ്ട്. ആന്റോ ജോസഫ് ഇപ്പോൾ അതിനുവേണ്ടി നടക്കുകയാണ്. ഇവരുമായി അദ്ദേഹത്തിനുള്ള ബന്ധം വെച്ച്
കുറച്ച് തുകയായി കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. എങ്കിൽ പോലും കോടിക്കണക്കിന് രൂപ ഇനിയും കിട്ടാനുണ്ട്,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

2018 ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ് ഫിയോക്ക്. നേരത്തെ നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്.

Content Highlights: Venu Kunnampilli on 2018 OTT release

We use cookies to give you the best possible experience. Learn more