| Wednesday, 29th January 2020, 9:17 pm

'മേലില്‍ ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും'; സന്ദീപ് വാര്യരോട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞതില്‍ മാപ്പുപറഞ്ഞ് വേണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബി.ജെ.പി പ്രതിനിധി സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ പറഞ്ഞതില്‍ മാപ്പുപറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍.

‘ബി.ജെ.പിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്. അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്. അതിഥകളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. മേലില്‍ ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും’ എന്നാണ് അവതാരകന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ നിന്നാണ് സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ അവശ്യപ്പെട്ടത്.

എല്‍.ഡി.എഫിന്റെ മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു സംഭവം. ചര്‍ച്ചക്കിടെ ഇടവേളയിലേക്ക് പോകണമെന്ന് പറഞ്ഞ അവതാരകനോട് ഇടവേളയാണ് നല്ലത് നിങ്ങള്‍ക്ക് എന്ന് സന്ദീപ് പറയുകയായിരുന്നു.

തുടര്‍ന്ന് മാന്യമായി സംസാരിക്കണമെന്നും അല്ലെങ്കില്‍ ഇപ്പോള്‍ ഇറങ്ങിപോകണമെന്നും വേണു ആവശ്യപ്പെടുകയായിരുന്നു. ‘സന്ദീപേ മാന്യമായി സംസാരിക്കണം, കേട്ടല്ലോ അല്ലെങ്കില്‍ ഇപ്പോള്‍ ഇറങ്ങിപോകണം. അങ്ങയിലേക്ക് വരാം സൗകര്യമുണ്ടെങ്കില്‍ ഇരിക്കു’ എന്നായിരുന്നു വേണു പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് ഇടവേളക്ക് ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത എ.എ റഹിമിനോട് അവതാരകന്‍ ചോദ്യം ചേദിക്കാന്‍ തുടങ്ങുന്നതിനിടെ വേണു നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും കുറെ ദിവസങ്ങളായി നടത്തുന്ന ചര്‍ച്ചയില്‍ തന്നോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സന്ദീപ് വാര്യര്‍ പറയുകയായിരുന്നു.

എന്നാല്‍ ഒരു വാക്കും പിന്‍വലിക്കില്ലെന്ന് വേണു പറഞ്ഞതോടെ ‘വേണു തന്നെ ചര്‍ച്ച നടത്തിക്കോളു’ എന്ന് പറഞ്ഞ ശേഷം സന്ദീപ് വാര്യര്‍ ഇറങ്ങി പോകുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more