Advertisement
Entertainment news
ഷൂട്ടിങ്ങ് പുനരാരംഭിച്ച് വെനം3; ചിത്രം പങ്കുവെച്ച് ടോം ഹാര്‍ഡി; വെനം റിലീസ് ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 25, 01:27 pm
Saturday, 25th November 2023, 6:57 pm

2018ല്‍ ടോം ഹാര്‍ഡി നായകനായ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ‘വെനം’. വെനമായി മാറുന്ന ജേര്‍ണലിസ്റ്റായ എഡ്ഡിയെന്ന കഥാപാത്രമായാണ് ഇതില്‍ ടോം ഹാര്‍ഡിയെത്തിയത്.

ഇതുവരെ ഈ സിനിമയുടെ രണ്ട് ഭാഗങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2018ലെ വെനത്തിന്റെ ആദ്യ ഭാഗത്തിന് ശേഷം 2021ലാണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്.

ഇപ്പോള്‍ മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ സ്‌പെയിനില്‍ ആരംഭിച്ചിരുന്നു. 2024 ജൂലൈ 12നായിരുന്നു സിനിമ റിലീസ് ആകേണ്ടിയിരുന്നത്.

എന്നാല്‍ 2023 ജൂലൈയില്‍ ഹോളിവുഡിലെ സ്‌ട്രൈക്ക് വന്നതോടെ സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വന്നു. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ റിലീസ് മാറ്റിവെക്കുകയും ചെയ്തു.

ഇപ്പോള്‍ വെനം സിനിമയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഹോളിവുഡിലെ സ്‌ട്രൈക്ക് അവസാനിച്ചതോടെ നിര്‍ത്തിവെച്ച ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

ടോം ഹാര്‍ഡി തന്നെയാണ് ഈ വാര്‍ത്ത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തങ്ങള്‍ ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തിയെന്ന അടികുറിപ്പോടെ സംവിധായക കെല്ലി മാര്‍സലിനും നടനും സ്റ്റണ്ട് മാനുമായ ജേക്കബ് ടോമുരിയുടെയും കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ആ പോസ്റ്റില്‍ സിനിമയുടെ ഭാഗമായവരോട് നന്ദി പറയാനും ഷൂട്ടിങ്ങ് പുനരാരംഭിച്ചതില്‍ തന്റെ സന്തോഷം പങ്കുവെക്കാനും ടോം ഹാര്‍ഡി മറന്നില്ല.

വെനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാകും ഇതെന്നും താരം പറയുന്നുണ്ട്. നിലവില്‍ 2024 നവംബര്‍ എട്ടിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Content Highlight: Venom 3 Resumes Shooting; Tom Hardy Shared A Picture; Venom Release Soon