ആദ്യമായി ദുല്‍ഖറിനെ കണ്ടത് ആ മലയാള സിനിമയിലൂടെ; ഗൂഗിളില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി സാറിന്റെ പേര് കണ്ടു: വെങ്കി അട്‌ലൂരി
Entertainment
ആദ്യമായി ദുല്‍ഖറിനെ കണ്ടത് ആ മലയാള സിനിമയിലൂടെ; ഗൂഗിളില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി സാറിന്റെ പേര് കണ്ടു: വെങ്കി അട്‌ലൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd November 2024, 3:11 pm

കിംഗ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങിയ ഈ സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിന് എത്തിയിരുന്നു.

80കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞിരുന്നത്. മഹാനടി, സീതാരാമം എന്നീ സിനിമകള്‍ക്ക് ശേഷം തെലുങ്കില്‍ ദുല്‍ഖര്‍ നായകനായി എത്തിയ ഈ സിനിമയില്‍ ഭാസ്‌കര്‍ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്.

ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെങ്കി അട്‌ലൂരി. താന്‍ ആദ്യമായി എ.ബി.സി.ഡി എന്ന സിനിമയിലാണ് ദുല്‍ഖറിനെ കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ അന്ന് പ്രൊഡ്യൂസര്‍ ദില്‍ രാജുവിനോട് പറയുകയായിരുന്നെന്നും വെങ്കി പറയുന്നു.

‘ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറയുമ്പോള്‍ 2013 അല്ലെങ്കില്‍ 2012 വര്‍ഷം മുതല്‍ക്കുള്ള കാര്യങ്ങള്‍ പറയേണ്ടി വരും. അന്ന് 3ജി കാലഘട്ടമായിരുന്നു, 4ജി കാലഘട്ടമായിരുന്നില്ല. മലയാള സിനിമകള്‍ക്ക് മാറ്റം സംഭവിക്കുന്ന സമയമായിരുന്നു അതെന്നാണ് എന്റെ ഓര്‍മ.

ആ സമയത്ത് ഞാന്‍ ഒരു മലയാള സിനിമ കണ്ടു. എ.ബി.സി.ഡി എന്നായിരുന്നു ആ സിനിമയുടെ പേര്. ഞാന്‍ ആ സമയത്ത് പ്രൊഡ്യൂസര്‍ ദില്‍ രാജു സാറിനൊപ്പം വര്‍ക്ക് ചെയ്യുകയായിരുന്നു. ‘സാര്‍ എനിക്ക് ഇയാളുടെ കൂടെ വര്‍ക്ക് ചെയ്യണം, അദ്ദേഹം ഒരു ചാമിങ്ങായ നടനാണ്’ എന്ന് ഞാന്‍ പറഞ്ഞു. 2013ലോ 2012ലോ ആയിരുന്നു ഈ സംഭവം

അന്ന് സാര്‍ ആ പയ്യന്‍ ആരാണെന്ന് നോക്കൂവെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഗൂഗിളില്‍ നോക്കി. പേര് സെര്‍ച്ച് ചെയ്ത് നോക്കിയപ്പോള്‍ മമ്മൂട്ടി സാറിന്റെ പേര് വന്നു. ഇത് മമ്മൂട്ടി സാറിന്റെ മകനാണെന്ന് ഞാന്‍ അദ്ദേഹത്തോട് പോയി പറഞ്ഞു. ആ സമയത്ത് ദുല്‍ഖറിന് തെലുങ്കില്‍ സിനിമ ചെയ്യാന്‍ താത്പര്യമില്ലായിരുന്നു. പിന്നീടാണ് മഹാനടിയും സീതാരാമവുമൊക്കെ വരുന്നത്,’ വെങ്കി അട്‌ലൂരി പറയുന്നു.

Content Highlight: Venky Atluri Talks About Mammootty, Dulquer Salmaan And ABCD Movie