തെലുങ്കിലെ മികച്ച സംവിധായകരിലൊരാളാണ് വെങ്കി അട്‌ലൂരി. തൊലി പ്രേമ എന്ന ചിത്രത്തിലൂടെയാണ് വെങ്കി തന്റെ സിനിമാജീവിതം ആരംഭിച്ചത്. രംഗ് ദേ, മിസ്റ്റര്‍ മജ്‌നു തുടങ്ങിയ റോം കോം ചിത്രങ്ങള്‍ ഒരുക്കിയ വെങ്കിയുടെ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. 100 കോടിക്കുമുകളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.
ലക്കി ഭാസ്‌കറിന് മുമ്പ് വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രമായിരുന്നു വാത്തി. ധനുഷ് നായകനായെത്തിയ ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ചതായിരുന്നു. വെങ്കിയുടെ മുന്‍ ചിത്രങ്ങളില്‍ വ്യത്യസ്തമായ ഒന്നായിരുന്നു വാത്തി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വെങ്കി അട്‌ലൂരി.
താന്‍ ചെയ്ത സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ എന്‍ഡിങ്ങാണ് വാത്തിയുടേതെന്ന് വെങ്കി പറഞ്ഞു.ഓപ്പണ്‍ സ്‌പെയ്‌സിലാണ് ആ ചിത്രം അവസാനിക്കുന്നതെന്നും തെലുങ്കിലെ പല നടന്മാരോടും ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ മാസ് എലമെന്റ് ഇല്ലാത്തതിനാല്‍ പ്രൊജക്ടിനോട് നോ പറഞ്ഞെന്നും പിന്നീടാണ് താന്‍ ധനുഷിനെ കണ്ട് കഥ പറഞ്ഞതെന്ന് വെങ്കി പറഞ്ഞു.
ആദ്യ നരേഷനില്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞെന്നും മറ്റൊരു ഭാഷയില്‍ അത്തരം സ്വീകാര്യത ആദ്യമായാണ് തനിക്ക് ലഭിച്ചതെന്നും അത് വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു വെങ്കി അട്‌ലൂരി.
‘പല അവസരങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. വാത്തി എന്ന സിനിമ ഞാന്‍ അതുവരെ ചെയ്തിട്ടുള്ളവയില്‍ വെച്ച് വ്യത്യസ്തമായ ഒന്നാണ്. അതിന്റെ എന്‍ഡിങ്ങെന്ന് പറയുന്നത് ഓപ്പണ്‍ സ്‌പെയ്‌സായിട്ടാണ് എടുത്തത്. അതിന്റെ കഥ ഞാന്‍ തെലുങ്കിലെ പല നടന്മാരോടും പറഞ്ഞിരുന്നു. പക്ഷേ അവര്‍ക്ക് വേണ്ട മാസ് എലമെന്റുകള്‍ ഒന്നും ആ സിനിമയില്‍ ഇല്ലായിരുന്നു.
അവരെല്ലാം റിജക്ട് ചെയ്ത കഥയുമായി ഞാന്‍ ധനുഷ് സാറിന്റെയടുത്തേക്ക് പോയി. ആദ്യ നരേഷനില്‍ തന്നെ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എനിക്ക് അത് ആദ്യത്തെ അനുഭവമായിരുന്നു. വേറെ ഒരു ഇന്‍ഡസ്ട്രിയില്‍ എന്നെപ്പോലെ പുതിയ ഒരു സംവിധായകന് കിട്ടിയ സ്വീകാര്യത വല്ലാതെ അത്ഭുതപ്പെടുത്തി,’ വെങ്കി അട്‌ലൂരി പറഞ്ഞു.
Content Highlight: Venky Atluri says about Vaathi movie and Dhanush