| Sunday, 16th April 2023, 5:37 pm

15 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വാംഖഡെയില്‍ വെങ്കിയുടെ വിളയാട്ടം... ഇതാ മക്കെല്ലത്തിന്റെ പിന്‍ഗാമി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 22ാം മത്സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തെ ഹരം കൊള്ളിച്ച് വെങ്കിടേഷ് അയ്യരുടെ അഴിഞ്ഞാട്ടം. ഹോം ടീമായ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറിയടിച്ചുകൊണ്ടാണ് വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്ത നിരയില്‍ തരംഗമായത്.

49ാം പന്തില്‍ സിംഗിള്‍ നേടിക്കൊണ്ടാണ് വെങ്കിടേഷ് അയ്യര്‍ സെഞ്ച്വറി തികച്ചത്. 51 പന്തില്‍ നിന്നും 104 റണ്‍സ് നേടിക്കൊണ്ടാണ് താരം പുറത്തായത്. സെഞ്ച്വറി നേട്ടത്തിന് ശേഷം ഒരു ബൗണ്ടറി കൂടി നേടിയാണ് അയ്യര്‍ ദുവാന്‍ ജെന്‍സന് വിക്കറ്റ് നല്‍കി മടങ്ങിയത്.

ആറ് ബൗണ്ടറിയും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു വെങ്കിടേഷ് അയ്യരിന്റെ ഇന്നിങ്‌സ്. 203.92 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സ് നേടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തില്‍ പ്രത്യേകതകളേറെയാണ്. ഐ.പി.എല്ലിന്റെ 16 എഡിഷനും കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടുന്ന രണ്ടമത് മാത്രം സെഞ്ച്വറിയാണിത്.

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിലെ ഉദ്ഘാടന മത്സരത്തില്‍ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കെല്ലത്തിന് ശേഷം ഇതാദ്യമായാണ് ഒരു താരം കൊല്‍ക്കത്ത ജേഴ്‌സിയില്‍ നൂറടിക്കുന്നത്.

വെങ്കിടേഷ് അയ്യരിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ നൈറ്റ് റൈഡേഴസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. താരത്തിന് പിന്തുണ കൊടുക്കാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത 185 റണ്‍സില്‍ ഒതുങ്ങിയത്.

11 പന്തില്‍ നിന്നും പുറത്താകാതെ 21 റണ്‍സ് നേടിയ ആന്ദ്രേ റസലാണ് കൊല്‍ക്കത്തയുടെ രണ്ടാമത് മികച്ച റണ്‍ വേട്ടക്കാരന്‍.

മുംബൈ ഇന്ത്യന്‍സിനായി പന്തെറിഞ്ഞവരില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒഴികെയുള്ളവര്‍ക്ക് വിക്കറ്റ് ലഭിച്ചിരുന്നു. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി ഹൃതിക് ഷോകീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, കാമറൂണ്‍ ഗ്രീന്‍, ദുവാന്‍ ജെന്‍സന്‍, പീയൂഷ് ചൗള, റിലി മെറഡിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Venkatesh Iyer score century against Mumbai Indians

We use cookies to give you the best possible experience. Learn more