ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ ഇനി ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ടീമില്‍; ഇംഗ്ലണ്ടില്‍ ചരിത്രമെഴുതാന്‍ സൂപ്പര്‍ താരം
Sports News
ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ ഇനി ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ടീമില്‍; ഇംഗ്ലണ്ടില്‍ ചരിത്രമെഴുതാന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th July 2024, 9:16 pm

 

ഇംഗ്ലണ്ട് മണ്ണില്‍ പുതിയ അധ്യായത്തിനൊരുങ്ങി ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍. കൗണ്ടി സൂപ്പര്‍ ടീമായ ലങ്കാഷെയറിനൊപ്പമാണ് താരം കരാറിലെത്തിയിരിക്കുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിനായാണ് താരം ലങ്കാഷെയറിനായി കളിക്കുക. ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിയടവ് പഠിച്ച ക്ലബ്ബാണ് ലങ്കാഷെയര്‍.

 

കൗണ്ടിയില്‍ വെങ്കിടേഷ് അയ്യരിന്റെ അരങ്ങേറ്റമാണിത്. ജൂലൈ 28ന് കെന്റിനെതിരെ നടക്കുന്ന മത്സരത്തില്‍ താരം ലങ്കാഷെയറിനായി ആദ്യ മത്സരം കളിച്ചേക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഫില്‍ സോള്‍ട്ടാണ് താരത്തെ ലങ്കാഷെയറിലേക്ക് നിര്‍ദേശിച്ചത്.

അഞ്ച് ആഴ്ചയാകും വെങ്കിടേഷ് അയ്യര്‍ ലങ്കാഷെയര്‍ റോസ് ഇടനെഞ്ചിലണിയുക. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ദുലീപ് ട്രോഫിയില്‍ കളിക്കാനായി താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.

‘ ഈ ഡീലിനായി ഞങ്ങള്‍ ഏറെ പണിപ്പെട്ടിരുന്നു. വണ്‍ ഡേ കപ്പില്‍ വെങ്കിടേഷിന്റെ അനുഭവസമ്പത്ത് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്ന വെങ്കിടേഷ്, മറ്റൊരു സീമര്‍ എന്ന നിലയിലും ടീമിന് കരുത്താകും,’ ലങ്കാഷെയറിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ മാര്‍ക് കില്‍ടണ്‍ പറഞ്ഞു.

‘ആഗസ്റ്റ് അവസാനം സറേക്കും ഹാംഷെയറിനുമെതിരെ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും താരത്തിന്റെ സഹായം ടീമിന് ലഭിച്ചേക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 40 ഇന്നിങ്‌സില്‍ നിന്നും 1458 റണ്‍സാണ് അയ്യരിന്റെ സമ്പാദ്യം. നാല് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ച താരം 2022ല്‍ ഇന്ത്യക്കായി ഏകദിനവും കളിച്ചിട്ടുണ്ട്.

റോയല്‍ വണ്‍ ഡേ കപ്പ് ഗ്രൂപ്പ് എ-യിലാണ് ലങ്കാഷെയര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഡുര്‍ഹാമിനോട് തോറ്റ ടീം നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

ജൂലൈ 28നാണ് ലങ്കാഷെയറിന്റെ അടുത്ത മത്സരം. ബ്ലാക്ക്പൂളിലെ സ്റ്റാന്‍ലി പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ കെന്റാണ് എതിരാളികള്‍.

 

മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ താരമായ അജിന്‍ക്യ രഹാനെയും റോയല്‍ വണ്‍ ഡേ കപ്പിന്റെ ഭാഗമാണ്. ഗ്രൂപ്പ് ബി-യില്‍ ലെസ്റ്റര്‍ഷയെറിന് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്.

ലെസ്റ്ററിന് വേണ്ടി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ 110+ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ലെസ്റ്റര്‍.

 

 

Content Highlight: Venkitesh Iyer joined Lancashire for Royal London One Day Cup