ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും തന്റെ സ്ഥാനം നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ താരം വെങ്കിടേഷ് അയ്യര്‍. അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു താരം നടത്തിയത്. എന്നാല്‍ എപ്പോഴും ഹര്‍ദിക് പാണ്ഡ്യക്ക് പിന്നില്‍ രണ്ടാമനായി ഒതുങ്ങാനായിരുന്നു താരത്തിന്റെ വിധി.
പരിക്കേറ്റ് പുറത്തായ ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ വല്ലപ്പോഴും ലഭിച്ചിരുന്ന അവസരവും വെങ്കിടേഷിന് ലഭിക്കാതെ പോവുകയായിരുന്നു.
ഹര്‍ദിക് വന്നതിന് പിന്നാലെ തനിക്ക് ലഭിച്ചിരുന്ന അവസരങ്ങള്‍ ഇല്ലാതായതിനെ കുറിച്ച് പറയുകയാണ് അയ്യര്‍. ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യന്‍ ടീമില്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? എനിക്കും അത് തന്നെയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഹര്‍ദിക് ഭായ് വന്നതോടെ അത് നഷ്ടമായി.
എനിക്കറിയാം ഹര്‍ദിക് ഭായ് എങ്ങനെയാണ് തിരിച്ചുവന്നിട്ടുള്ളതെന്ന്. തന്റെ തിരിച്ചുവരവിനായി അദ്ദേഹം ചെയ്തതെന്താണോ അത് വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
ഐ.പി.എല്‍ 2021ല്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. താന്‍ ഏത് ടീമിലാണോ കളിക്കുന്നത് അവര്‍ക്കായി തന്റെ ബെസ്റ്റ് തന്നെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ക്രിക്കറ്റിനെ ഒരു അവസരമായാണ് ഞാന്‍ എപ്പോഴും കാണുന്നത്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഐ.പി.എല്ലിലോ രഞ്ജി പോലുള്ള ആഭ്യന്തര മത്സരങ്ങളിലോ മികച്ച പ്രകടനം പുറത്തെടുക്കാനും എന്റെ ടീമിനെ റെപ്രെസെന്റ് ചെയ്യാനുള്ള അവസരമായി ഞാന്‍ അതിനെ നോക്കിക്കാണുന്നു.
സെലക്ഷനെ കുറിച്ച് ആശങ്കപ്പെടാതെ എന്റെ ജോലി ശരിയായി ചെയ്യുക എന്നത് മാത്രമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടികരിക്കുന്ന ടി-20 ടീമിലോ ഏകദിന ടീമിലോ ഞാന്‍ ഉള്‍പ്പെടേണ്ടതായിരുന്നു, പക്ഷേ എനിക്ക് പരിക്കേറ്റു. എനിക്ക് കളിക്കാന്‍ സാധിക്കാറാകുമ്പോള്‍ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് ഉറപ്പ് നല്‍കാന്‍ എനിക്ക് സാധിക്കും,’ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.