| Saturday, 11th May 2019, 1:10 pm

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദമില്ലെന്ന് പരത്തുന്നത് സത്യവിരുദ്ധം; ആനയുടെ അന്ധത ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ മൃഗരോഗ വിദഗ്ധന്‍ ആരാണെന്ന് അന്വേഷിക്കണമെന്നും കലക്ടറോട് വെങ്കിടാചലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം റിപ്പോര്‍ട്ടു നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം. ആനയുടെ രക്തം മണ്ണൂത്തി വെറ്റിനറി കോളജില്‍ പരിശോധനക്ക് എത്തിച്ചിട്ടേയുള്ളൂ. അതിന്റെ ഫലം വരുന്നതിനു മുമ്പാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രക്തം പരിശോധനക്കെടുത്തയുടനെ ആനയ്ക്ക് മദമില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തുന്നത് സത്യവിരുദ്ധമാണ്. അതിന്റെ രക്തം മണ്ണുത്തി വെറ്റിനറി കോളേജില്‍ പരിശോധനക്ക് എത്തിച്ചിട്ടേയുള്ളു. പരിശോധന കഴിഞ്ഞാലേ അതിന്റെ മദം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കൂ.’ എന്നാണ് വെങ്കിടാചലം ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നത്.

തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും വെങ്കിടാചലം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ശരിയായ ഫോര്‍മാറ്റിലാണോ നല്‍കിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തണമെന്നാണ് യഥാര്‍ത്ഥ ഫോര്‍മാറ്റ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഈ ഫോര്‍മാറ്റില്‍ അല്ല അത് തന്നിരിക്കുന്നതെങ്കില്‍ അത് നിയമ വിരുദ്ധമാണ്. ആനയുടെ അന്ധത ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ മൃഗരോഗ ചികിത്സാ വിദഗ്ധന്‍ ആരാണെന്നും അതിന്റെ മസ്തകത്തിലെ മുറിവ് സംബന്ധിച്ച വിവരം മറച്ചു വെച്ചിട്ടുള്ളത് എന്തുകൊണ്ടാണെന്ന് താങ്കള്‍ അന്വേഷിക്കേണ്ടതാണെന്നും വെങ്കിടാചലം ആവശ്യപ്പെടുന്നു.

രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്ന് ഫിറ്റ്‌നസ് പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പരിശോധനയില്‍ വ്യക്തമായതായി. കാഴ്ച്ചപൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് കളക്ടര്‍ ടി.വി അനുപമ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫിറ്റ്‌നസ് പരിശോധന നടത്തിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണെങ്കിലും പൂര വിളംബരത്തിന് മാത്രം ആനയെ എഴുന്നള്ളിക്കാന്‍ കമ്മറ്റിയുടെ അനുമതിയോട് കൂടി അനുവദിക്കാമെന്നായിരുന്നു നിയമോപദേശം.

കര്‍ശന ഉപാധികളോടെ അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം. പ്രകോപനമില്ലാതെ നോക്കണമെന്നും നിയമോപദേശത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരമൊരു കീഴ് വഴക്കമുണ്ടാക്കുന്നത് കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ളത് കൊണ്ടാണെന്നും ഭാവിയിലും പൊതുതാത്പര്യം കണക്കിലെടുത്ത് ഇത്തരം തീരുമാനമെടുക്കരുതെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more