| Saturday, 5th August 2017, 7:33 pm

വെങ്കയ്യ നായിഡു ഇനി ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം ഉറപ്പിച്ചത്. വെങ്കയ്യക്കെതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകലാണ് ലഭിച്ചത്.

എന്‍.ഡി.എ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എ.ഐ.എഡി.എം.കെ, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു. അതിനാല്‍ അനായാസം വിജയം നേരത്തെ തന്നെ എന്‍.ഡി.എ പ്രതീക്ഷിച്ചിരുന്നു.

രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്കാണ് അവസാനിച്ചത്. 98.21 ശതമാനം ആണ് വോട്ടിംഗ് ശതമാനം. കേരളത്തില്‍ നിന്നുള്ള മുസ്‌ളിംലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. പാര്‍ലമെന്റിലേക്ക് വൈകി എത്തിയതാണ് ഇരുവര്‍ക്കും വിനയായത്. വോട്ടിംഗ് സമയം കഴിഞ്ഞതിനു ശേഷമായിരുന്നു ഇരുവരും പാര്‍ലമെന്റിലെത്തിയത്.


Also Read:  ‘കൊല്ലപ്പെട്ട റിയാസ് മൗലവിയുടേയും ഫൈസലിന്റേയും 13 സി.പി.ഐ.എം പ്രവര്‍ത്തകരുടേയും വീട് സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറാകുമോ?’; എ.എന്‍ ഷംസീര്‍


അതേസമയം 11 വോട്ടുകള്‍ അസാധുവായി. ഇതില്‍ ഏഴും പ്രതിപക്ഷത്തിന്റെതാണ്. തെരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ഗോപാലകൃഷ്ണ ഗാന്ധി പരാജയപ്പെട്ടെങ്കിലും വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വെങ്കയ്യ ഉപരാഷ്ട്രപതിയാകുമ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും ബി.ജെ.പിയ്ക്ക് നഷ്ടമാകുന്നത് പ്രതിച്ഛായയുള്ള നേതാവിനെയാണ്.

We use cookies to give you the best possible experience. Learn more