തെലുങ്കിലെ മുന്‍നിര താരങ്ങളിലൊരാളാണ് വെങ്കടേഷ് ദഗ്ഗുബട്ടി. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന വെങ്കടേഷ് ഒരുകാലത്ത് തെലുങ്കില്‍ നിറഞ്ഞുനിന്ന നടനായിരുന്നു. വിക്ടറി വെങ്കടേഷ് എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്ത താരം ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ടുവെങ്കിലും ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലൂടെ തന്റെ സ്ഥാനം വീണ്ടെടുത്തു. താരത്തിന്റെ കരിയറില്‍ കൂടുതലും ചെയ്തത് റീമേക്ക് ചിത്രങ്ങളായിരുന്നു.
വിജയകാന്തിന്റെ ചിന്ന കൗണ്ടര്‍, രജിനികാന്തിന്റെ പാണ്ഡ്യന്‍, സൂര്യയുടെ കാക്ക കാക്ക തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകനായത് വെങ്കടേഷായിരുന്നു. സൗത്ത് ഇന്ത്യയിലെ പല താരങ്ങളുടെയും സിനിമകള്‍ തെലുങ്കില്‍ ചെയ്യാന്‍ അവസരം കിട്ടിയത് തന്റെ ഭാഗ്യമായി കരുതുകയാണെന്ന് പറയുകയാണ് വെങ്കടേഷ്.
തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെ പല താരങ്ങളുടെയും ഹിറ്റ് ചിത്രങ്ങള്‍ തെലുങ്കില്‍ ചെയ്യാന്‍ പറ്റിയത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് വെങ്കടേഷ് പറഞ്ഞു. എന്നാല്‍ ദൃശ്യം റീമേക്ക് ചെയ്യാന്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ ആദ്യം ആ സിനിമ കണ്ടെന്നും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ അതത്ര എളുപ്പമായി തോന്നിയില്ലെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.
അധികം പ്രയാസമൊന്നുമില്ലാതെ സിമ്പിളായാണ് മോഹന്‍ലാല്‍ ദൃശ്യം ചെയ്തതെന്നും എന്നാല്‍ താന്‍ അത് ചെയ്തപ്പോള്‍ അത്ര സിമ്പിളായി തോന്നിയില്ലെന്നു വെങ്കടേഷ് പറഞ്ഞു. ചില സീനുകള്‍ എങ്ങനെയാണ് മോഹന്‍ലാല്‍ ചെയ്ത് ഫലിപ്പിച്ചതെന്ന് ആലോചിച്ച് പ്രയാസപ്പെട്ടെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു വെങ്കടേഷ്.
‘പല വലിയ നടന്മാരുടെയും സിനിമകള്‍ റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. രജിനി സാറിന്റെ പാണ്ഡ്യന്‍, വിജയകാന്ത് സാറിന്റെ ചിന്ന കൗണ്ടര്‍, മമ്മൂട്ടി സാറിന്റെ ആനന്ദം, മാധവന്റെ ഇരുധി സുട്ര്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ അസുരന്‍ എല്ലാം തെലുങ്കിലേക്ക് വന്നപ്പോള്‍ ചെയ്യാന് അവസരം കിട്ടിയത് ഒരു നടനെന്ന നിലയില്‍ വലിയ ഭാഗ്യമായി കരുതുകയാണ്.
ഈ പറഞ്ഞ സിനിമകളില്‍ പലതും റീമേക്ക് ചെയ്തപ്പോള്‍ സിമ്പിളായി തോന്നി. എന്നാല്‍ ലാല്‍ സാറിന്റെ ദൃശ്യം അതില്‍ ഒരു എക്‌സപ്ഷനായിരുന്നു. മലയാളം വേര്‍ഷന്‍ കണ്ടപ്പോള്‍ എളുപ്പത്തില്‍ ചെയ്യാമെന്നൊക്കെ കരുതി. എന്നാല്‍ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ലാല്‍ സാര്‍ ചെയ്തുവെച്ചതിന്റെ റേഞ്ച് മനസിലായത്. ആ ലെവലില്‍ എത്താന്‍ പലതവണ ശ്രമിച്ചിട്ടും നടക്കാതെ പോയി. അതെല്ലാം ലാല്‍ സാര്‍ ചെയ്ത് ഫലിപ്പിച്ചത് എങ്ങനെയാകും എന്നായിരുന്നു എന്റെ ചിന്ത,’ വെങ്കടേഷ് പറയുന്നു.
Content Highlight: Venkatesh shares the experience when he remake Drishyam