Advertisement
Sports News
ഓരോന്ന് ചെയ്തുകൂട്ടി പരാതി പറയുന്നത് പഴയ ഇംഗ്ലണ്ട് രീതിയാണ്; ക്രിക്കറ്റ് ബോര്‍ഡിന് വയറുനിറച്ച് കൊടുത്ത് മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 24, 02:03 pm
Wednesday, 24th January 2024, 7:33 pm

ഇംഗ്ലണ്ട് യുവതാരം ഷോയ്ബ് ബഷീറിന്റെ വിസ പ്രശ്‌നത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളൊന്നും തന്നെ ചെയ്യാതെ വെറുതെ പരാതി പറയുന്നത് പഴയ ഇംഗ്ലണ്ട് ശൈലിയാണെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

ബഷീറിന് വിസ ലഭിക്കാതിരിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള തടസമുണ്ടായിട്ടുണ്ടങ്കെില്‍ അതിന് കാരണക്കാര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാത്രമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ബഷീറിന്റെ വിസ വിഷയത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കാനെത്തരുത് എന്ന ക്രിക്കറ്റ് ടെലിഗ്രാഫിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രസാദ് ഇതിന് മറുപടി നല്‍കിയത്.

‘അവന്റെ വിസ സ്റ്റാംപ് ചെയ്യേണ്ടിയിരുന്നത് യു.കെയില്‍ വെച്ചാണ്. എന്നാല്‍ മൂന്നാമതൊരു രാജ്യത്ത് വെച്ച് വിസ സ്റ്റാംപ് ചെയ്യുമെന്ന് കരുതി ഇ.സി.ബി ഷോയ്ബ് ബഷീറിനെ യു.എ.ഇയിലേക്ക് അയച്ചു.

പ്രാഥമികമായ നടപടി ക്രമങ്ങള്‍ പോലും പാലിക്കാതെ ഓരോന്ന് അനുമാനിച്ചുകൊണ്ട് പരാതിയുന്നയിക്കുന്നത് പഴയ ഇംഗ്ലണ്ട് ശൈലിയാണ്. സംഭവത്തില്‍ ആരുടെയെങ്കിലും ഭാഗത്ത് കുറ്റമുണ്ടെങ്കില്‍ അത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രംഗത്തെത്തിയിരുന്നു.

‘ഒരു താരത്തിന് സ്‌പോര്‍ട്‌സുമായി ഒരു ബന്ധവുമില്ലാത്ത കാരണത്താല്‍ കളിക്കാന്‍ സാധിക്കാത്തത് നിരാശയുണ്ടാക്കുന്നു. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇതിന് മുമ്പും നിരവധി താരങ്ങള്‍ വിസ കരുക്കില്‍ പെട്ടിരുന്നു. ഡിസംബറില്‍ തന്നെ ഞങ്ങള്‍ ടീം പ്രഖ്യാപിച്ചതാണ്. എന്നിട്ടും വിസ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് നിര്‍ഭാഗ്യകരമാണ്,’ സ്റ്റോക്‌സ് പറഞ്ഞു.

‘ഷൊയ്ബ് ബഷീറിന്റെ അവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും. നിര്‍ഭാഗ്യവശാല്‍, ഈ വിഷയത്തില്‍ നിങ്ങളോട് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ഞാന്‍ വിസ ഓഫീസില്‍ ഇരിക്കുന്നയാളല്ല. പക്ഷേ അവന് വേഗത്തില്‍ വിസ ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി.

അതേസമയം, ബഷീറിന്റെ വിസ പ്രശ്‌നത്തിലെ സങ്കീര്‍ണതകള്‍ അവസാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബഷീര്‍ ഈ വാരാന്ത്യത്തോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകും.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിനുള്ള ടീം ഇംഗ്ലണ്ട് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ് ടീമില്‍ ഇടം നല്‍കാതെയും ടോം ഹാര്‍ട്‌ലിക്ക് അരങ്ങേറ്റം നല്‍കിയുമാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി. ജാക്ക് ലീച്ച്, മാര്‍ക് വുഡ്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

 

 

Content Highlight: Venkatesh Prasad slams ECB over Shoaib Bashir’s visa controversy