മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടാലെന്റും അടുത്ത സൂപ്പര്‍ താരവുമൊക്കെയായി വാഴ്ത്തപ്പെടുന്ന താരമാണ് ശുഭ്മന്‍ ഗില്‍. ഏകദിനത്തിലും ട്വന്റി-20 ക്രിക്കറ്റിലും ഐ.പി.എല്ലിലുമെല്ലാം അദ്ദേഹം സ്വന്തം പേര് പതിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിദേശ ടെസ്റ്റ് മത്സരങ്ങളില്‍ നിരന്തരമായി പരാജയമാകുന്ന ഗില്ലിനെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ടെസ്റ്റില്‍ 30 ഇന്നിങ്‌സോളം കളിച്ച ഗില്ലിന്റെ ശരാശരി 32ലും താഴെയാണ്. ഗില്ലിനെ പോലൊരു ടാലെന്റില്‍ നിന്നും ഇതില്‍ കൂടുതല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഡബ്ല്യൂ.ടി.സി ഫൈനലിലും കഴിഞ്ഞ ദിവസം സമാപിച്ച വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിലും താരം പരാജയമായിരുന്നു.
ഗില്‍ ടീമില്‍ തുടരുന്നത് പക്ഷാപാതത്തിന്റെ പുറത്താണെന്നാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ വെങ്കടേഷ് പ്രസാദിന്റെ അഭിപ്രായം. ഗില്ലിന്റെ കഴിവിനെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും വളരെ താഴെയാണെന്നാണ് പ്രസാദ് പറയുന്നത്.
ശുഭ്മന്‍ ഗില്ലിന്റെ കഴിവുകളോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വളരെ താഴെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 30 ഇന്നിങ്സിനു ശേഷമുള്ള ടെസ്റ്റ് ശരാശരി 30 ഓര്‍ഡിനറി മാത്രമാണ്. ഇത്രയധികം അവസരങ്ങള്‍ ലഭിച്ച ആരെയും എനിക്ക് ഓര്‍മ കിട്ടുന്നില്ല”അദ്ദേഹം പറഞ്ഞു.
പൃഥ്വി ഷായും സര്‍ഫറാസും മികച്ച ഫോമിലാണെന്നും അവര്‍ ഗില്ലിന് മുകളില്‍ അവസരം അര്‍ഹിക്കുന്നുവെന്നും വെങ്കടേഷ് വിശ്വസിക്കുന്നു.
‘മികച്ച ഒരുപാട് താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ഷാ മികച്ച ഫോമിലാണ്, സര്‍ഫറാസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ വാരിക്കൂട്ടുന്നുണ്ട്. ഗില്ലിന് മുന്നില്‍ അവസരം അര്‍ഹിക്കുന്ന പലരുമുണ്ട്. ചിലര്‍ക്ക് വിജയിക്കുന്നതുവരെ അനന്തമായി അവസരങ്ങള്‍ ലഭിക്കുന്നത് ഭാഗ്യമാണ്, ചിലര്‍ക്ക് അത് ലഭിക്കില്ല,’ വെങ്കടേഷ് പറയുന്നു.
ഗില്ലിന്റെ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് പക്ഷപാതമാണെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറയുന്നു. മുന്‍ താരങ്ങള്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു.
‘ഗില്ലിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് പക്ഷപാതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥിരമായി പൊരുത്തക്കേടുണ്ട് .ഇത്തരം പക്ഷപാതം കണ്ടിട്ടും പല മുന്‍ ക്രിക്കറ്റ് താരങ്ങളും വാചാലരാകാത്തതിന്റെ ഒരു കാരണവും അത് തന്നെയാണ്,” അദ്ദേഹം പറഞ്ഞു.
Content Highlight: Venkatesh Prasad says Gill’s Selection to team is favouritism