| Sunday, 10th September 2023, 2:50 pm

'ഇത് നാണക്കേട്, ഇന്ത്യ-പാക് റിസർവ് ഡേയിൽ കനത്ത മഴ പെയ്യട്ടെ'

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം മഴമൂലം തടസപ്പെട്ടാൽ അടുത്ത ദിവസം മത്സരം നടത്തുന്നതിനായി ഐ.സി.സി റിസർവ് ഡേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐ.സി.സിയുടെ ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ മുൻ താരം വെങ്കിടേഷ് പ്രസാദ് രംഗത്തെത്തിയത്.

നേരത്തെ ഫൈനൽ ദിവസങ്ങളിൽ മാത്രമായിരുന്നു റിസർവ് ഡേ ഉണ്ടായിരുന്നത്. എന്നാൽ ഫൈനലിന് പുറമെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ മാത്രം റിസർവ് ഡേ പ്രഖ്യാപിച്ചതിനെതിരെയാണ് മുൻ താരം വിമർശനം ഉന്നയിച്ചത്.

‘ഇത് തികച്ചും നാണക്കേടാണ്. രണ്ട് ടീമുകൾക്ക് വേണ്ടി മാത്രം റിസർവ് ഡേ പ്രഖ്യാപിക്കുമ്പോൾ മറ്റ് ടീമുകൾക്ക് റിസർവ് ഡേ നൽകുന്നില്ല. ഇതുപോലുള്ള വ്യത്യസ്ത നിയമങ്ങളുള്ള ടൂർണമെന്റ് നടത്തുന്നത് അനീതിയാണ്. ആദ്യ ദിവസം മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ മാത്രമേ ശരിയാവൂ. രണ്ടാം ദിവസം മഴ കൂടുതൽ ശക്തമായി പെയ്യട്ടെ, ഈ വിദ്വേഷകരമായ പദ്ധതികൾ വിജയിക്കാതിരിക്കട്ടെ,’ അദ്ദേഹം എക്‌സിൽ എഴുതി.

തങ്ങളുടെ ടീമുകൾക്ക് റിസർവ് ഡേ ഇല്ലാത്തതിനാൽ ശ്രീലങ്കയുടെ പരിശീലകൻ ക്രിസ് സിൽവർവുഡും ബംഗ്ലാദേശ് പരിശീലകൻ ചന്ദിക ഹതുരസിംഗയിൽ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ മഴ വില്ലനായി വന്നിരുന്നു. പിന്നീട് നടന്ന ഇന്ത്യ-നേപ്പാൾ മത്സരവും മഴ തടസ്സപ്പെടുത്തിയെങ്കിലും ഡക്ക്-വർത്ത്‌-ലൂയിസ്-സ്റ്റേൺ നിയമപ്രകാരം ഇന്ത്യ വിജയിക്കുകയായിരുന്നു.

ഈ രണ്ട് മത്സരങ്ങളും നടന്നത് പല്ലേക്കിലെ സ്റ്റേഡിയത്തിൽ ആയിരുന്നു. എന്നാൽ ഇത്തവണ കൊളംബോ ആർ. പ്രേമദാസ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പല്ലേക്കിലെ പോലെ മഴ കൊളംബോയിലും എത്തിയാൽ ആവേശകരമായ പോരാട്ടമായിരിക്കും ക്രിക്കറ്റ് ആരാധകർക്ക് നഷ്ടമാവുക.

Story Highlight: Venkatesh Prasad criticizes ACC for giving reserve day only for India Pakistan match

We use cookies to give you the best possible experience. Learn more