വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിനെതിരായ വിമര്‍ശനം കടുക്കുകയാണ്. കോച്ച് രാഹുല്‍ ദ്രാവിഡിനെ മാറ്റണമെന്ന് മുറവിളി ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടത്തുന്ന പരീക്ഷണങ്ങള്‍ ടീമിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രോഹിത്തിനും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ച തീരുമാനത്തിനെതിരെയും വിമര്‍ശനങ്ങളുയരുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ താരമായ വെങ്കടേഷ് പ്രസാദും ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് മാറ്റിനിര്‍ത്തിയാല്‍, കഴിഞ്ഞ കുറച്ചുകാലങ്ങളായി മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യ ഒരു സാധാരണ ടീമാണെന്ന് വെങ്കടേഷ് പറഞ്ഞു. ഇംഗ്ലണ്ടിനെപ്പോലെ ആവേശമുള്ള ടീമോ ഓസീസിനെ പോലെ ബ്രൂട്ടലോ അല്ല ഇന്ത്യയെന്നും ഇങ്ങനെ തന്നെ തുടരുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ടെസ്റ്റ് ക്രിക്കറ്റ് മാറ്റിനിര്‍ത്തിയാല്‍, കഴിഞ്ഞ കുറച്ചുകാലങ്ങളായി മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യ ഒരു സാധാരണ ടീമാണ്. ബംഗ്ലാദേശിനും സൗത്ത് ആഫ്രിക്കക്കും ഓസ്‌ട്രേലിയക്കുമെതിരായ ഏകദിന പരമ്പരകള്‍ നഷ്ടമായി. കഴിഞ്ഞ രണ്ട് ടി-20 ലോകകപ്പുകളിലും മോശം പ്രകടനം.
ഇംഗ്ലണ്ടിനെപ്പോലെ ആവേശമുള്ള ടീമോ ഓസീസിനെ പോലെ ബ്രൂട്ടലോ അല്ല ഇന്ത്യ, ഇങ്ങനെ തന്നെ തുടരുക,’ വെങ്കടേഷ് പ്രസാദ് കുറിച്ചു.
ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിനാണ് തോല്‍വിയേറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 181 റണ്‍സിന് ഓള്‍ഔട്ടായി. 55 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി. ശുഭ്മന്‍ ഗില്‍ (34), സൂര്യകുമാര്‍ യാദവ് (24), ശാര്‍ദുല്‍ താക്കൂര്‍ (16), രവീന്ദ്ര ജഡേജ (10) എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇരട്ടയക്കം കടന്നത്.
വിന്‍ഡീസിനായി ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങില്‍ 63 നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ നേതൃത്വത്തില്‍ വിന്‍ഡീസ് ലക്ഷ്യം കണ്ടു. കീസി കാര്‍ടിയും (48 നോട്ടൗട്ട്) വിന്‍ഡീസിനായി തിളങ്ങി. ഇന്ത്യക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlight: Venkatesh Prasad come out with severe criticism against the indian team