സര്‍ഫറാസിനെ തഴയുന്നത് അവനെ അപമാനിക്കുന്നതിന് തുല്യം; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍
Cricket
സര്‍ഫറാസിനെ തഴയുന്നത് അവനെ അപമാനിക്കുന്നതിന് തുല്യം; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th January 2023, 2:07 pm

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി സ്ഥിരതയോടെ റണ്‍സടിച്ച് കൂട്ടിയിട്ടും താരത്തെ ഇതുവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

സര്‍ഫ്രാസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ വെങ്കടേഷ് പ്രസാദ്.

താരത്തെ അവഗണിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വെങ്കടേഷ് പ്രസാധ് പറഞ്ഞു. ഫിറ്റ്‌നെസിന്റെ പേരില്‍ താരത്തെ ഇനിയും തഴയരുതെന്നും സര്‍ഫറാസിനെക്കാള്‍ തടിയും ഭാരമുള്ളവര്‍ ഇവിടെയുണ്ടെന്നും വെങ്കടേഷ് പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സര്‍ഫ്രാസിനെ ടീമിലെടുക്കാത്തത് അനീതിയാണെന്ന് മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഫിറ്റ്‌നെസിന്റെ പേരിലാണ് താരത്തെ തഴയുന്നതെങ്കില്‍ അതിനെക്കാള്‍ തടിയും ഭാരവുമുള്ളവര്‍ ഇവിടെയുണ്ട്,’ വെങ്കടേഷ് പ്രസാദ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെ മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. 2020ന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉള്‍പ്പെടെ 12 സെഞ്ചുറികളാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്.

ടീമില്‍ ഉള്‍പ്പെടുത്താത്തതിന് മറുപടി സര്‍ഫറാസ് നല്‍കിയത് ബാറ്റ് കൊണ്ടായിരുന്നു. വീണ്ടുമൊരു ക്ലാസ് സെഞ്ച്വറി. രഞ്ജിയില്‍ ദല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിടുമ്പോഴായിരുന്നു സര്‍ഫറാസ് ക്രീസിലെത്തിയത്.

ശേഷം താന്‍ എന്നും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതെന്തോ അത് തന്നെയാണ് അവന്‍ 22 യാര്‍ഡിനുള്ളില്‍ വെച്ച് സെലക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുത്തത്.

ഇന്ത്യന്‍ ടീമില്‍ എന്നോ സ്ഥാനം ലഭിക്കേണ്ടിയിരുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. എന്നാല്‍ ഒരിക്കല്‍ പോലും അതുണ്ടായില്ല. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ സര്‍ഫറാസ് ടീമില്‍ ഉള്‍പ്പെടുമെന്ന് സെലക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവിടെയും താരം തഴയപ്പെട്ടു.

അതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ

‘ബെംഗളൂരുവില്‍ വെച്ച് നടന്ന രഞ്ജി ട്രോഫി ഫൈനലിനിടയില്‍ ഞാന്‍ സെലക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുമെന്നും ഒരുങ്ങി ഇരുന്നുകൊള്ളുവാനും സെലക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും അവരെന്നെ ടീമിലെടുത്തില്ല. അടുത്തിടെ മുംബൈയില്‍ വെച്ച് സെലക്ടര്‍ ചേതന്‍ ശര്‍മയെയും ഞാന്‍ കണ്ടിരുന്നു.

നിരാശപ്പെടേണ്ട, അവസരം ലഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മികച്ച പ്രകടനം നടത്തുമ്പോള്‍ ടീമിലെത്താന്‍ സാധിക്കും എന്ന എന്റെ പ്രതീക്ഷയും കൂടുമല്ലോ,’ എന്നാണ് സര്‍ഫറാസ് പറയുന്നത്.

ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. നിലവില്‍ ഇന്ത്യക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച ബാറ്ററാണ് സര്‍ഫറാസ്. കയ്യിലുള്ള മാണിക്യത്തെ കുപ്പയിലേക്ക് വലിച്ചെറിയുക മാത്രമാണ് ഇത്രയും നാള്‍ ബി.സി.സി.ഐ ചെയ്തുകൊണ്ടിരുന്നത്.

Content Highlights: Venkatesh Prasad backs Sarfaraz khan