ചെന്നൈയിലെ ഒരു ലോക്കല്‍ ക്രിക്കറ്റ് ടീമിന്റെ കഥ പറഞ്ഞ ചെന്നൈ 600028 എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് വെങ്കട് പ്രഭു. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി, മാനാട് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. യൂത്തിന്റെ പള്‍സ് അറിഞ്ഞ് സിനിമ ചെയ്യുന്നതില്‍ വെങ്കട് പ്രഭു ഒരുപടി മുന്നിലാണ്. വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊമേഴ്സ്യല്‍ എലമെന്റുകള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്നതാണ് വി.പിയുടെ ഹൈലൈറ്റ്.
സൂര്യയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു മാസ് എങ്കിറ മാസിലാമണി. വലിയ ഹൈപ്പിലെത്തിയ ചിത്രം ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. ചിത്രത്തിന്റെ പരാജയത്തിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് വെങ്കട് പ്രഭു. വലിയ സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യുന്നത് എപ്പോഴും റിസ്‌കാണെന്നും മാസ് എന്ന സിനിമ പരാജയം തന്നെ വല്ലാതെ ബാധിച്ചെന്നും വി.പി. പറഞ്ഞു.
എന്നാല്‍ ചിത്രത്തിന്റെ പരാജയത്തിന് ശേഷം സൂര്യക്ക് വീണ്ടും സിനിമകള്‍ കിട്ടിയെന്നും നായകന്മാരുടെ കാര്യം അങ്ങനെയാണെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം താന്‍ ചെയ്യേണ്ടിയിരുന്ന കുറേ സിനിമകള്‍ നടക്കാതെ പോയെന്ന് വെങ്കട് പ്രഭു പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അപ്പോഴെന്നും അങ്ങനെയാണ് സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചതെന്നും വി.പി. കൂട്ടിച്ചേര്‍ത്തു.
പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച ശേഷം ചെറിയൊരു ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചെന്നും അതാണ് താരതമ്യേന റിസ്‌ക് കുറവെന്നും വെങ്കട് പ്രഭു പറഞ്ഞു. ആദ്യ സിനിമയായ ചെന്നൈ 600028നോട് ആത്മബന്ധമുള്ളതുകൊണ്ടാണ് അതിന്റെ സീക്വല്‍ എടുത്തതെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. പ്രൊവോക്ക് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെങ്കട് പ്രഭു ഇക്കാര്യം പറഞ്ഞത്.
‘ചെറിയ സിനിമകളിലൂടെയാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. മങ്കാത്തക്ക് ശേഷം വലിയ സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യാനുള്ള ഓഫറുകള്‍ എന്നെ തേടി വന്നു. നമുക്ക് അത് ഒരേസമയം ഗുണവും ദോഷവും ചെയ്യും. സിനിമ ഹിറ്റായാല്‍ അത് നല്ല രീതിയില്‍ ഗുണം ചെയ്യും. പക്ഷേ പരാജയമാണെങ്കില്‍ അത് നെഗറ്റീവായി ബാധിക്കും. അതിന്റെ ഉദാഹരണമാണ് മാസ്.
ആ സിനിമ വലിയൊരു പരാജയമായി മാറി. പക്ഷേ സ്റ്റാറുകള്‍ക്ക് പരാജയമാണെങ്കിലും വീണ്ടും പടം കിട്ടും. പക്ഷേ സംവിധായകരുടെ കാര്യം അങ്ങനെയല്ല, മാസിന്റെ പരാജയത്തിന് ശേഷം ഞാന്‍ ചെയ്യേണ്ടിയിരുന്ന കുറേ സിനിമകള്‍ മുടങ്ങി. അങ്ങനെ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരുന്നപ്പോഴാണ് സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു.
ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷന്‍സ് അങ്ങനെയാണ് തുടങ്ങിയത്. വലിയ സിനിമകള്‍ ചെയ്താല്‍ മാത്രമേ റിസ്‌കുള്ളൂ. ചെറിയ സിനിമകള്‍ക്ക് തരക്കേടില്ലാത്ത റിപ്പോര്‍ട്ട് കിട്ടിയാലും നല്ല കളക്ഷന്‍ കിട്ടും. ആദ്യത്തെ സിനിമയായ ചെന്നൈ 600028നോട് എനിക്ക് ആത്മബന്ധം കൂടുതലാണ്. ആദ്യത്തെ പ്രൊഡക്ഷനായി ആ സിനിമയുടെ സീക്വല്‍ ചെയ്തത് അതുകൊണ്ടാണ്,’ വെങ്കട് പ്രഭു പറഞ്ഞു.
Content Highlight: Venkat Prabhu says many of his movies cancelled after the failure of Mass