ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ കഥ പറഞ്ഞ ചെന്നൈ 600028 എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്നയാളാണ് വെങ്കട് പ്രഭു. പിന്നീട് സരോജ, ഗോവ, മങ്കാത്ത തുടങ്ങിയ ഹിറ്റുകളിലൂടെ തമിഴിലെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ വെങ്കട് പ്രഭുവിന് സാധിച്ചു. ഓരോ സിനിമയും വെവ്വേറെ ഴോണറുകളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ സിനിമയെടുക്കാന്‍ പ്രത്യേക കഴിവ് വെങ്കട് പ്രഭുവിനുണ്ട്. വിജയ്‌യോടൊപ്പം ആദ്യമായി കൈകോര്‍ക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമാണ് വി.പിയുടെ പുതിയ ചിത്രം.
വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഗോട്ടിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ ആഘോഷമാക്കി. ട്രെയ്‌ലര്‍ കണ്ട് പലരും കഥ ഊഹിച്ചിട്ടുണ്ടെങ്കിലും ആരും കണ്ടുപിടിക്കാത്ത ചില സൂചനകള്‍ താന്‍ ട്രെയ്‌ലറില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പറയുകയാണ് വെങ്കട് പ്രഭു. ഒരു സാധാരണ സ്‌പൈ ത്രില്ലറാണെന്ന് പലരും ചിന്തിച്ചിട്ടുണ്ടെന്നും അതിനെല്ലാമപ്പുറം ഒരു സംഗതി സിനിമയില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും വി.പി പറഞ്ഞു.
മങ്കാത്ത പോലെ അടുത്ത സീന്‍ പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള കഥയാണ് ഗോട്ടിന്റേതെന്നും ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത പല സീനുകളും ഗോട്ടില്‍ ഉണ്ടാകുമെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. താന്‍ 101 ശതമാനം കോണ്‍ഫിഡന്‍സിലാണെന്നും സിനിമ ഇറങ്ങിയ ശേഷം ട്രെയ്‌ലര്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നും വെങ്കട് പ്രഭു പറഞ്ഞു.
‘ട്രെയ്‌ലറില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്, അതാരും ശ്രദ്ധിച്ചില്ല. വി.എഫ്.എക്‌സ് മോശമാണെന്ന് പറയുന്നതിനിടയില്‍ പലരും അത്തരം കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. ഒരു സാധാരണ സ്‌പൈ ത്രില്ലര്‍, ആക്ഷന്‍ സിനിമ എന്നതിനപ്പുറത്തേക്ക് വേറെ കുറച്ചു കാര്യങ്ങള്‍ ഗോട്ടിലുണ്ട്. അതെല്ലാം സിനിമ കാണുമ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ ഊഹിച്ചുവെച്ചതിനപ്പുറത്തേക്ക് ചില സംഗതികള്‍ സിനിമയിലുണ്ട്.
ഇതിന് മുമ്പ് മങ്കാത്തയിലായിരുന്നു ഈ കാര്യം ഞാന്‍ ചെയ്തത്. ഒരു സീന്‍ കഴിഞ്ഞ് അടുത്തത് എന്താകുമെന്ന് ഒരു പിടിയും തരാത്ത പോക്കായിരുന്നു മങ്കാത്തയുടേത്. ഗോട്ടിന്റെ കഥയെപ്പറ്റി പറയുകയാണെങ്കില്‍ സ്റ്റെറോയ്ഡ് അടിച്ച മങ്കാത്ത എന്ന് ഒറ്റവാക്കില്‍ പറയാം. അത്രക്ക് ഫാസ്റ്റ് പെയ്‌സ് സിനിമയാണ്. റിലീസിന് ശേഷം എല്ലാവരും ട്രെയ്‌ലറിനെപ്പറ്റി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പാണ്,’ വെങ്കട് പ്രഭു പറഞ്ഞു.
Content Highlight: Venkat Prabhu saying that The Greatest Of All Time is similar to Mankatha