ഇനി വരാനിരിക്കുന്ന വെങ്കട് പ്രഭു- വിജയ് ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രായമായതും ചെറുപ്പമായതുമായ രണ്ട് ലുക്കിലാണ് പോസ്റ്ററില്‍ വിജയ് പ്രത്യക്ഷപ്പെട്ടത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) എന്നാണ് ചിത്രത്തിന്റെ പേര്.
പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ 2019ല്‍ പുറത്തുവന്ന ഹോളിവുഡ് ചിത്രം ജെമിനി മാന്റെ റീമേക്കാണോ ഗോട്ട് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഗോട്ട് പോസ്റ്ററിന് സമാനമായി രണ്ട് പ്രായത്തിലുള്ള വില്‍ സ്മിത്തിനെയാണ് ജെമിനി മാന്‍ പോസ്റ്ററിലും കാണുന്നത്. ഇത് സംബന്ധിച്ച് ട്വിറ്ററില്‍ വന്ന ഒരു അധിക്ഷേപ പോസ്റ്റിന് സംവിധായകന്‍ വെങ്കട് പ്രഭു തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ജെമിനി മാന്റെ റീമേക്കാണ് ഗോട്ടെങ്കില്‍ വിജയ്‌യെ കൊണ്ട് അത് ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു സത്യന്‍ രാമസ്വാമി എന്ന അക്കൗണ്ടില്‍ നിന്നും എക്സില്‍ വന്ന പോസ്റ്റ്. ‘2023ലെ ദയനീയമായ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം 2024ലെങ്കിലും വിജയ് തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിങ്ങള്‍ ഒരു ഹോളിവുഡ് റീമേക്കിനാണ് ശ്രമിക്കുന്നതെങ്കില്‍ വിജയ് അതിന് അനുയോജ്യനല്ല. കാരണം അയാള്‍ അജിത്ത് കുമാറോ മഹേഷ് ബാബുവോ അല്ല.
വിജയ്‌യുടെ ഫില്‍മോഗ്രഫി പരിശോധിച്ചാല്‍ അയാള്‍ ഇതുവരെ നിലനിന്നത് നല്ല തെലുങ്ക് സിനിമകളുടെ റീമേക്ക് കൊണ്ടാണ്. അതിനാല്‍ നല്ല തെലുങ്ക് സിനിമ റീമേക്ക് ചെയ്യാന്‍ ശ്രമിക്കുക.
അതല്ല ഹോളിവുഡ് റീമേക്ക് തന്നെ ചെയ്യണമെന്നുണ്ടെങ്കില്‍ വിജയ്‌യുടെ സ്ഥിരം ഘടകങ്ങളായ അസ്വഭാവികമായ അച്ഛന്‍/ സഹോദരി സെന്റിമെന്റ്‌സ്, ഫോഴ്‌സ്ഫുള്ളായ റൊമാന്‍സും കിസ്സും ഒഴിവാക്കുക. വിജയ്‌യും ടീമും അതിന് നിങ്ങളെ നിര്‍ബന്ധിക്കും. മുമ്പിറങ്ങിയ പാതി വെന്ത ലിയോയുടെ അനുഭവം ഒന്നോര്‍ക്കാന്‍ അവരോട് പറയുക,’ സത്യന്‍ രാമസ്വാമി കുറിച്ചു.
ഞാന്‍ നിങ്ങളില്‍ നിന്നും ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു, ഹാപ്പി ന്യൂ ഇയര്‍ എന്നാണ് വെങ്കട് പ്രഭു ഇതിന് മറുപടി നല്‍കിയത്.
Content Highlight: Venkat prabhu’s reply for a tweet against vijay