| Friday, 18th October 2024, 7:41 pm

ആ സിനിമയുടെ കഥയുമായി ഗോട്ടിന് സാമ്യമുണ്ടെന്ന് റിലീസിന് ശേഷമാണ് അറിഞ്ഞത്: വെങ്കട് പ്രഭു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം എന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ വന്‍ പ്രതീക്ഷയായിരുന്നു ഗോട്ടിനുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും ഒരുമിച്ച് റിലീസ് ചെയ്ത ആദ്യചിത്രമെന്ന റെക്കോര്‍ഡും ഗോട്ട് സ്വന്തമാക്കി.

ഫസ്റ്റ് ലുക്ക് പോസ്റ്ററൊക്കെ കണ്ട് സയന്‍സ് ഫിക്ഷന്‍ ഴോണറാണെന്ന് പ്രതീക്ഷിച്ച ആരാധകരുടെ പ്രതീക്ഷ മാറ്റിമറിച്ച ചിത്രമായിരുന്നു ഗോട്ട്. ബിഗിലിന് ശേഷം ഇരട്ടവേഷത്തില്‍ വിജയ് അവതരിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 460 കോടിയോളം നേടി. തമിഴ്‌നാട് ഒഴികെ ബാക്കി എല്ലായിടത്തും സമ്മിശ്ര പ്രതികരണമാണ് ഗോട്ടിന് ലഭിച്ചത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം പല ട്രോള്‍ പേജുകളും ഗോട്ടിലെ ലോജിക്കില്ലായ്മ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. അതോടൊപ്പം വിജയകാന്ത് നായകനായ രാജദുരൈയുടെ കഥയുമായി ഗോട്ടിന്റെ കഥക്ക് സാമ്യമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറാണ് രാജദുരൈ അണിയിച്ചൊരുക്കിയത്.

അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു. രാജദുരൈയുടെ കഥയുമായുള്ള സാമ്യം റിലീസിന് ശേഷം പലരും പറഞ്ഞപ്പോഴാണ് താനും അറിഞ്ഞതെന്ന് വെങ്കട് പ്രഭു പറഞ്ഞു. റിലീസിന് ശേഷമാണ് താന്‍ രാജദുരൈ കണ്ടതെന്നും മുന്നേ അറിഞ്ഞിരുന്നെങ്കില്‍ ആ കഥയെ കുറച്ചുകൂടി ബെറ്ററാക്കാമായിരുന്നുവെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. അച്ഛനും മകനും തമ്മിലുള്ള പോരാട്ടം യൂണിവേഴ്‌സലായിട്ടുള്ള തീമായതുകൊണ്ടാണ് ഗോട്ടിലും അതേ കഥ വന്നതെന്നും വെങ്കട് പ്രഭു പറഞ്ഞു.

‘സിനിമ റിലീസായി രണ്ടാമത്തെ ദിവസമായപ്പോഴാണ് പലരും ഇക്കാര്യം എന്നോട് പറഞ്ഞത്. ചന്ദ്രശേഖര്‍ സാര്‍ ചെയ്ത രാജദുരൈയുടെ കഥയും ഗോട്ടിന്റെ കഥയും ഒരുപോലെയാണെന്ന് പലരും എന്നെ വിളിച്ചു പറഞ്ഞു. അപ്പോള്‍ തന്നെ ആ സിനിമ ഇരുന്ന് കണ്ടു. അപ്പോഴാണ് രണ്ട് കഥയും ഒരുപോലെയുണ്ടല്ലോ എന്ന് മനസിലായത്.

മുമ്പേ മനസിലായിരുന്നെങ്കില്‍ കുറച്ചുകൂടി ബെറ്ററായി ഗോട്ട് എടുത്തേനെ. ഇതൊരു യൂണിവേഴ്‌സല്‍ തീമാണല്ലോ. അച്ഛനോട് പോരടിക്കുന്ന മകന്‍ എന്നുള്ളത്. ഈ സിനിമയിലും ആ തീം തന്നെ സെലക്ട് ചെയ്‌തെന്നേയുള്ളൂ,’ വെങ്കട് പ്രഭു പറഞ്ഞു.

എന്നാല്‍ കഥയുടെ സാമ്യത്തെച്ചൊല്ലി വെങ്കട് പ്രഭുവിനെ സംവിധായകന്‍ അറ്റ്‌ലീയുമായി താരതമ്യം ചെയ്തിരിക്കുകയാണ്. അറ്റ്‌ലീയുടെ സിനിമകള്‍ പലതും പല സിനിമയില്‍ നിന്നും കോപ്പിയടിച്ച് ചെയ്യുന്നതാണെന്ന് പലരും ആരോപിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ അറ്റ്‌ലീ സംവിധാനം ചെയ്ത ജവാനു നേരെയും ഇതേ ആരോപണം ഉയര്‍ന്നിരുന്നു.

Content Highlight: Venkat Prabhu reacts to the allegation that the the story of The Greatest of all time and Rajadurai movie are simlilar

Video Stories

We use cookies to give you the best possible experience. Learn more