| Friday, 1st September 2023, 10:55 pm

അന്യഗ്രഹത്തില്‍ വിജയ് കാണിക്കുന്ന മാസ് ആവും തന്റെ സിനിമയുടെ കഥ; ചര്‍ച്ചയായി വെങ്കിട് പ്രഭുവിന്റെ പഴയ അഭിമുഖം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വെങ്കിട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി 68. വമ്പന്‍ താരനിര അണിനിരക്കുമെന്ന് കരുതുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള ഒരു അപ്ഡേറ്റും അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

‘ഭാവിയിലേക്ക് സ്വാഗതം’ എന്ന് പറയുന്ന പോസ്റ്റില്‍ ഒരു ഉപകരണം നോക്കി നില്‍ക്കുന്ന വിജയിയെയും, മറ്റൊന്ന് ത്രിഡി സ്‌കാനിങിന് വിധേയനാകുന്ന വിജയിയെയും കാണാം.

പ്രേക്ഷകര്‍ക്ക് വമ്പന്‍ പ്രതീക്ഷയാണ് സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഇട്ട സംവിധായകന്റെ ട്വീറ്റ് നല്‍കുന്നത്. ലിയോയ്ക്ക് ശേഷം വിജയ് ചെയ്യുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

വിജയിയെ വച്ച് ഒരു സിനിമ സംവിധാനം ചെയ്താല്‍ എങ്ങനെയായിരിക്കും എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ വെങ്കിട് പ്രഭു പറഞ്ഞതും ഈ ചിത്രങ്ങള്‍ വെച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിജയിയെ ഒരുകൂട്ടം അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയാല്‍ അവരുടെ ലോകത്ത് അദ്ദേഹം എന്തൊക്കെ മാസ് കാണിക്കും എന്നത് തന്റെ ആലോചനയിലുണ്ട് എന്നാണ് വെങ്കിട് പ്രഭു അന്ന് പറഞ്ഞത്. ഇത് തന്നെയാണോ പുതിയ ചിത്രത്തിന്റെ കഥയെന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം വിജയ്‌യുടെ സഹോദരനായി പുതിയ ചിത്രത്തില്‍ വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

നേരത്തെ ഭഗവതി എന്ന ഒരു ചിത്രത്തിലും വിജയ്ക്കൊപ്പം ജയ്‌യുണ്ടായിരുന്നു. ടീ സീരീസാണ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിലെ നായികയെ സംബന്ധിച്ചാണ് പുതിയ അപ്‌ഡേറ്റ് വന്നിരുന്നു. ഇത് പ്രകാരം ചിത്രത്തില്‍ നായികയായി ജ്യോതികയെ വയക്കാനാണ് വെങ്കിട് പ്രഭു ആഗ്രഹിക്കുന്നത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. അത് ശരിവയ്ക്കും രീതിയില്‍ ജ്യോതികയുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കോളിവുഡ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ ആണ് വിജയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

വിജയിയും തൃഷയും14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും എന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlight: Venkat Prabhu old interview about vijay movie is trending now on social media
We use cookies to give you the best possible experience. Learn more