| Thursday, 29th August 2024, 8:10 am

ഗോട്ടില്‍ ഏറ്റവും പ്രഷര്‍ അനുഭവിച്ചത് അയാളാണ്, സിനിമ ഇറങ്ങുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും എല്ലാവരെയും ഞെട്ടിക്കും: വെങ്കട് പ്രഭു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകം ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ വിജയ് ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ ഗോട്ടിന് മുകളില്‍ വെക്കുന്നത്. വിജയ്- വെങ്കട് പ്രഭു കോമ്പോ ആദ്യമായി ഒന്നിക്കുന്ന സിനിമകൂടിയാണ് ഗോട്ട്. ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

21 വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കുകയാണ് ഗോട്ടിലൂടെ. 2003ല്‍ റിലീസായ പുതിയ ഗീതൈയിലാണ് യുവന്‍- വിജയ്ക്ക് വേണ്ടി അവസാനമായി സംഗീതമൊരുക്കിയത്. ഗോട്ടില്‍ യുവന്റെ സംഗീതത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

കടുത്ത വിജയ് ആരാധകര്‍ യുവനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിജയ്‌യുടെ മുന്‍ ചിത്രങ്ങളിലെ പാട്ടുകളുടെ ലെവലിലേക്ക് ഗോട്ടിലെ പാട്ടുകള്‍ വന്നിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ യുവനെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു.

ഒരുപാട് കാലത്തിന് ശേഷമാണ് യുവന്‍ വിജയ്‌യുമായി ഒന്നിക്കുന്നതെന്ന് വെങ്കട് പ്രഭു പറഞ്ഞു. ഈ സിനിമയില്‍ ഏറ്റവുമധികം പ്രഷര്‍ അനുഭവിച്ചത് യുവനാണെന്നും പലരും അനിരുദ്ധിനെയും യുവനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് കണ്ടെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. അനിരുദ്ധ് ചെയ്യുന്നതെല്ലാം മികച്ച വര്‍ക്കുകളാണെന്നും യുവന്റെ സ്റ്റൈല്‍ വ്യത്യസ്തമാണെന്നും വെങ്കട് പ്രഭു പറഞ്ഞു. ഗോട്ട് റിലീസാകുമ്പോള്‍ ഞെട്ടിക്കാന്‍ പോകുന്നത് യുവനായിരിക്കുമെന്നും വി.പി പറഞ്ഞു. ഗോട്ടിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വിജയ് സാറുമായി ഒരുപാട് കാലത്തിന് ശേഷമാണ് യുവന്‍ ഒന്നിക്കുന്നത്. ഞാന്‍ വിജയ് സാറിന്റെ കൂടെ ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നത്. പലരും അനിരുദ്ധിനെയും യുവനെയും തമ്മില്‍ കമ്പയര്‍ ചെയ്യുന്നത് കണ്ടു. അനിരുദ്ധ് ഈയടുത്ത് ചെയ്ത വര്‍ക്കുകളെല്ലാം ഗംഭീരമാണ്. എന്തൊക്കെയായാലും യുവന് അയാളുടേതായ സ്റ്റൈലുണ്ട്. അതില്‍ നിന്ന് മാറാന്‍ യുവന്‍ തയാറല്ല.

ഈ സിനിമയില്‍ ഏറ്റവും പ്രഷര്‍ അനുഭവിച്ചത് യുവനാണ്. അനിരുദ്ധ് ചെയ്യുന്ന സ്റ്റൈലിലേക്ക് ഒരിക്കലും യുവന്‍ പോകില്ല. അത്രയും വലിയ പ്രഷറില്‍ നിന്നുകൊണ്ടാണ് യുവന്‍ വര്‍ക്ക് ചെയ്യുന്നത്. ആ പ്രഷര്‍ എത്രത്തോളമുണ്ടെന്ന് എനിക്ക് മാത്രമേ മനസിലാകുള്ളൂ. അയാളുടെ മാജിക് എന്താണെന്ന് സിനിമ റിലീസാകുമ്പോള്‍ മനസിലാകും,’ വെങ്കട് പ്രഭു പറഞ്ഞു.

Content Highlight: Venkat Prabhu about Yuvan Shankar Raja’s music in The Greatest Of All Time

Latest Stories

We use cookies to give you the best possible experience. Learn more