മങ്കാത്തയില്‍ യുവന്‍ ചെയ്തുവെച്ച ആ ബി.ജി.എം കേട്ട് വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായി: വെങ്കട് പ്രഭു
Entertainment
മങ്കാത്തയില്‍ യുവന്‍ ചെയ്തുവെച്ച ആ ബി.ജി.എം കേട്ട് വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായി: വെങ്കട് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 2:00 pm

ചെന്നൈയിലെ ഒരു ലോക്കല്‍ ക്രിക്കറ്റ് ടീമിന്റെ കഥ പറഞ്ഞ ചെന്നൈ 600028 എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് വെങ്കട് പ്രഭു. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി, മാനാട് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. യൂത്തിന്റെ പള്‍സ് അറിഞ്ഞ് സിനിമ ചെയ്യുന്നതില്‍ വെങ്കട് പ്രഭു ഒരുപടി മുന്നിലാണ്. വെങ്കട് പ്രഭുവിന്റെ എല്ലാ ചിത്രങ്ങള്‍ക്കും യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയിട്ടുള്ളത്.

അജിത്തിനെ നായകനാക്കി 2011ല്‍ റിലീസ് ചെയ്ത മങ്കാത്ത വി.പിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് കണക്കാക്കുന്നത്. അതുവരെ കാണാത്ത തരത്തില്‍ പൂര്‍ണമായും നെഗറ്റീവ് ഷേഡില്‍ അജിത്തിനെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ചിത്രത്തിലെ അജിത്തിന്റെ ഗെറ്റപ്പും ആറ്റിറ്റ്യൂഡും ഇന്നും ചര്‍ച്ച ചെയ്യുന്നുണ്ട്.  ചിത്രത്തിനായി യുവന്‍ ഒരുക്കിയ സംഗീതവും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്.

ചിത്രത്തിലെ ഒരു പ്രത്യേക ബി.ജി.എമ്മിനെക്കുറിച്ച് സംസാരിക്കുകയാണ് വെങ്കട് പ്രഭു. രണ്ടാം പകുതിയില്‍ പ്രേംജിയുടെ കഥാപാത്രം പൈസ മോഷ്ടിച്ചെന്നറിയുമ്പോള്‍ അജിത് സൈക്കോയെപ്പോലെ ആകുന്ന സീനുണ്ടെന്നും ആ സീനില്‍ യുവന്‍ ചെയ്ത ബി.ജി.എം കേട്ട് താന്‍ വാക്കുകള്‍ കിട്ടാതെ നിന്നെന്നും വെങ്കട് പ്രഭു പറഞ്ഞു. അവിടെ ലൗഡായിട്ടുള്ള മ്യൂസിക് ഇട്ടിരുന്നെങ്കില്‍ ആ ഇംപാക്ട് കിട്ടില്ലായിരുന്നെന്നും വി.പി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മങ്കാത്തയിലെ ബി.ജി.എമ്മിനെപ്പറ്റി ഇന്നും പലരും സംസാരിക്കുന്നുണ്ട്. യുവന്റെ കഴിവ് വ്യക്തമായി കാണിക്കുന്ന ഒരു ബി.ജി.എം. സിനിമയിലുണ്ട്. സെക്കന്‍ഡ് ഹാഫില്‍ പ്രേംജി പൈസ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് അജിത് സാറിന്റെ ക്യാരക്ടര്‍ അറിയുന്ന ഒരു സീനിലാണ് അത്. അതുവരെ കൂളായി നിന്ന വിനായക് മഹാദേവ് എന്ന ക്യാരക്ടറിന്റെ കണ്‍ട്രോള്‍ ആ സീനില്‍ പോകുന്നുണ്ട്.

അവിടെ യുവന്‍ ഒരു മ്യൂസിക് പ്ലേ ചെയ്യുന്നുണ്ട്. സാധാരണപോലത്തെ ലൗഡ് ബി.ജി.എം അല്ല, സിംപിളായി ഒരു കോര്‍ഡ് വെച്ചുകൊണ്ടുള്ള മ്യൂസിക്കാണ്. ആ സീനില്‍ അജിത് സാറിന്റെ ക്യാരക്ടര്‍ സൈക്കോ മോഡിലേക്ക് മാറുന്നത് കൃത്യമായി ആ മ്യൂസിക്കിലൂടെ കിട്ടുന്നുണ്ട്. അത് കേട്ടപ്പോള്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായിരുന്നു ഞാന്‍,’ വെങ്കട് പ്രഭു പറഞ്ഞു.

Content Highlight: Venkat Prabhu about Yuvan Shankar Raja’s music in Mankatha