രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പലയിടത്തും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ വിജയം വിജയ് എന്ന താരത്തിന്റെ സ്റ്റാര്‍ഡം എടുത്തുകാണിക്കുന്ന ഒന്നാണ്. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസായ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ ഇതിനോടകം നേടിക്കഴിഞ്ഞു.
ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു ഗെറ്റപ്പ് ഡീ ഏജ് ചെയ്തതാണ്. ഒരുപാട് വര്‍ഷത്തിന് ശേഷം യുവന്‍ ശങ്കര്‍ രാജ വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് ഗോട്ട്. എന്നാല്‍ റിലീസിന് മുമ്പും ശേഷവും യുവന്റെ സംഗീതം നിരവധി വിമര്‍ശനം കേട്ടു. വിജയ്‌യുടെ മുന്‍ ചിത്രങ്ങളിലെ പാട്ടുകള്‍ പോലെ ഗോട്ടിലെ ഗാനങ്ങള്‍ വന്നില്ല. ചിത്രത്തില്‍ ഏറ്റവുധികം ട്രോളിനിരയായ സ്പാര്‍ക്ക് സോങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു.
ഏറ്റവും അവസാനമാണ് സ്പാര്‍ക്ക് സോങ്ങിനെപ്പറ്റി തീരുമാനിച്ചതെന്നും തന്റെ പിതാവ് ഗംഗൈ അമരനെക്കൊണ്ട് ഒരു പാട്ട് തട്ടിക്കൂട്ടി എഴുതിച്ചുവെന്നും വെങ്കട് പ്രഭു പറഞ്ഞു. അധികം സാഹിത്യമൊന്നുമില്ലാത്ത ഒരു അടിച്ചുപൊളി പാട്ട് വേണമെന്നാണ് അച്ഛനോട് പറഞ്ഞതെന്നും അതുപോലെ ഒരു പാട്ടാണ് അദ്ദേഹം എഴുതി തന്നതെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു.
ഒന്ന് രണ്ട് വാക്കുകള്‍ യുവന്‍ മാറ്റിയെഴുതിയെന്നും വിജയ് പാട്ടിന്റെ വരികള്‍ കേട്ട് ഇത് ഗംഗൈ അമരന്‍ എഴുതിയതാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് തന്നോട് പറഞ്ഞെന്നും വി.പി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് സ്പാര്‍ക്ക് സോങ്. ഒരു പാട്ട് വേണം, അതില്‍ യൂത്തിനെ അട്രാക്ട് ചെയ്യുന്ന വാക്കുകള്‍ വേണമെന്ന് പറഞ്ഞു. പെട്ടെന്ന് അച്ഛനെ വിളിച്ച് ഒരു പാട്ട് വേണമെന്ന് പറഞ്ഞു. അധികം സാഹിത്യമൊന്നും ഇല്ലാത്ത അടിച്ചുപൊളി പാട്ട് മതിയെന്നാണ് പറഞ്ഞത്. യുവന്‍ കമ്പോസ് ചെയ്ത ട്യൂണ്‍ അയച്ചുകൊടുത്തിട്ട് ആ ട്യൂണിന് പറ്റിയ വരികളാണ് വേണ്ടതെന്ന് പറഞ്ഞു. പുള്ളി ഒരു പാട്ട് എഴുതി അയച്ചുതന്നു. ലിറിക്‌സ് ഒക്കെ നന്നായി തോന്നി.
യുവന്റെ കൈയില്‍ അത് കൊടുത്തപ്പോള്‍ അവന്‍ ഒന്നുരണ്ട് വാക്കുകള്‍ മാറ്റി പാട്ട് സെറ്റാക്കി. വിജയ് സാറിന് ഈ പാട്ട് കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഗംഗൈ അമരന്‍ സാര്‍ ഇപ്പോഴും ചെറുപ്പമാണല്ലോ, ഈ ലിറിക്‌സ് കേട്ടാല്‍ വയസായതായി തോന്നില്ല’ എന്നായിരുന്നു. അത് അദ്ദേഹം കളിയാക്കിയതാണെന്ന് പെട്ടെന്ന് മനസിലായി. പുള്ളി അങ്ങനെയാണ്, സീരിയസായി സംസാരിച്ച് കളിയാക്കും,’ വെങ്കട് പ്രഭു പറഞ്ഞു.
Content Highlight: Venkat Prabhu about Vijay’s comment on Spark song