Entertainment
തമിഴിലെ ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ എടുത്താല്‍ ആ രണ്ട് സിനിമകള്‍ തീര്‍ച്ചയായും ഉണ്ടാകും: വെങ്കട് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 20, 04:31 pm
Friday, 20th September 2024, 10:01 pm

ചെന്നൈയിലെ ഒരു ലോക്കല്‍ ക്രിക്കറ്റ് ടീമിന്റെ കഥ പറഞ്ഞ ചെന്നൈ 600028 എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് വെങ്കട് പ്രഭു. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി, മാനാട് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. യൂത്തിന്റെ പള്‍സ് അറിഞ്ഞ് സിനിമ ചെയ്യുന്നതില്‍ വെങ്കട് പ്രഭു ഒരുപടി മുന്നിലാണ്. വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്നതാണ് വി.പിയുടെ ഹൈലൈറ്റ്.

തമിഴില്‍ തനിക്ക് പ്രിയപ്പെട്ട് കൊമേഴ്‌സ്യല്‍ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് വെങ്കട് പ്രഭു. കെ.വി ആനന്ദിന്റെ സിനിമകളെല്ലാം തന്നെ കൈാമേഴ്‌സ്യല്‍ വാല്യുവിനൊപ്പം മികച്ച മേക്കിങ് കൊണ്ട് സമ്പന്നമാണെന്ന് വെങ്കട് പ്രഭു പറഞ്ഞു. കോ എന്ന സിനിമ അതില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണെന്നും കെ.വി.ആനന്ദിന്റെ മികച്ച സിനിമകളിലൊന്നാണ് അതെന്നും വി.പി കൂട്ടിച്ചേര്‍ത്തു.

കെ.വി ആനന്ദും സൂര്യയും ഒന്നിച്ച ആദ്യത്തെ സിനിമയായ അയന്‍ പെര്‍ഫക്ട് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും വെങ്കട് പ്രഭു പറഞ്ഞു. ഏത് രീതിയില്‍ നോക്കിയാലും മികച്ച സിനിമ എന്നല്ലാതെ മറ്റൊന്നും അയനെപ്പറ്റി പറയാന്‍ പറ്റില്ലെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. ആക്ഷനും ഇമോഷനും പാട്ടുകളും എല്ലാം മികച്ചതായി നില്‍ക്കുന്ന സിനിമകളിലൊന്നാണ് അയനെന്നും വി.പി പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ ചെയ്യുന്നത് എപ്പോഴും വലിയ റിസ്‌കാണ്. എവിടെയെങ്കിലും ചെറുതായി പാളിയാല്‍ സിനിമയെ മൊത്തത്തില്‍ അത് ബാധിക്കും. എല്ലാം തികഞ്ഞ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ തമിഴില്‍ കുറവാണ്. എന്നിരുന്നാലും ചില സിനിമകള്‍ ഈയൊരു കാറ്റഗറിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ട്. അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയുന്ന സംവിധായകരിലൊരാളാണ് കെ.വി. ആനന്ദ് സാര്‍. ഒരു ഹോള്‍സം എന്റര്‍ടൈനറാണ് അദ്ദേഹത്തിന്റെ സിനിമകളെല്ലാം.

കോ അത്തരത്തിലൊരു സിനിമയാണ്. വലിയൊരു കഥയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ അദ്ദേഹം ചെയ്തുവെച്ചിട്ടുണ്ട്. അയന്‍ എന്ന സിനിമയെപ്പറ്റി ഒറ്റവാക്കില്‍ പെര്‍ഫെക്ട് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ എന്ന് പറയാം. ആക്ഷനും, റൊമാന്‍സും പാട്ടുകളും എല്ലാം കറക്ട് അളവില്‍ ചേര്‍ത്ത് ചെയ്ത സിനിമയാണ് അയന്‍,’ വെങ്കട് പ്രഭു പറഞ്ഞു.

Content Highlight: Venkat Prabhu about the best commercial films of Kollywood