ചെയ്യുന്ന സിനിമകളെല്ലാം വെവ്വേറെ ഴോണറുകളിലാക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് വെങ്കട് പ്രഭു. ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ കഥ പറഞ്ഞ ചെന്നൈ 600028ലൂടെയാണ് വി.പി സിനിമയിലേക്കെത്തുന്നത്. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു അണിയിച്ചൊരുക്കി.
തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ നടന്മാരെ വെച്ച് വെങ്കട് പ്രഭു അണിയിച്ചൊരുക്കി 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗോവ. സെമി സ്പൂഫ് ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും മികച്ച റിപ്പീറ്റ് വാല്യുവുണ്ട്. എന്നാല്‍ റിലീസ് ചെയ്ത സമയത്ത് വേണ്ടത്രവിജയം കൈവരിക്കാന്‍ ഗോവക്ക് സാധിച്ചില്ല. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വെങ്കട് പ്രഭു.
ചിത്രം തമിഴ്‌നാട്ടില്‍ പരാജയമായിരുന്നെന്നും മൂന്ന് തരത്തിലുള്ള സൗണ്ട് മിക്‌സിങ് ഗോവയില്‍ പരീക്ഷിച്ചിരുന്നെന്നും വെങ്കട് പ്രഭു പറഞ്ഞു. പഴയകാലം കാണിക്കുമ്പോള്‍ മോണോ സിസ്റ്റവും ഗ്രാമത്തിലെ സീനുകളില്‍ സ്റ്റീരിയോ സിസ്റ്റവും ആയിരുന്നെന്ന് വെങ്കട് പ്രഭു പറഞ്ഞു. ഗോവയിലെത്തിയതിന് ശേഷമുള്ള സീനുകളിലെല്ലാം ഡി.ടി.എസ്സിലായിരുന്നെന്നും എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് ആരും അക്കാര്യം മനസിലാക്കിയില്ലെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ചിത്രം ഹിറ്റായിരുന്നെന്ന് സംവിധായകന്‍ ചിദംബരം പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നും മലയാളികള്‍ക്ക് വിവരമുള്ളതുകൊണ്ടാണ് അത് സംഭവിച്ചതെന്നും വെങ്കട് പ്രഭു പറഞ്ഞു. ചെന്നൈ 600028ന്റെ അതേ ഹാങ്ങോവറിലാണ് ഗോവ ചെയ്തതെന്നും ഇപ്പോള്‍ ആ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും വെങ്കട് പ്രഭു പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു വെങ്കട് പ്രഭു.
‘ഗോവ ആ വര്‍ഷം പരാജയമായ സിനിമകളിലൊന്നായിരുന്നു. ഇന്ന് പലരും ആ സിനിമയെപ്പറ്റി നല്ലത് പറയുന്നത് നോക്കണ്ട. നിര്‍മാതാവിനെ ആ സിനിമ ചെറിയ രീതിയില്‍ നഷ്ടമുണ്ടാക്കി. പക്ഷേ, കേരളത്തില്‍ ആ സിനിമ ഹിറ്റായിരുന്നെന്ന് ചിദംബരം പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. അവിടെയുള്ളവര്‍ ബുദ്ധിശാലികളായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്.
ഗോവയുടെ സൗണ്ട് മിക്‌സിങ്ങിന്റെ കാര്യത്തില്‍ ഞങ്ങള്‍ ചെറിയൊരു പരീക്ഷണം നടത്തിയിരുന്നു. മോണോ, സ്റ്റീരിയോ, ഡി.ടി.എസ് ഈ മൂന്ന് സൗണ്ട് മിക്‌സിങ്ങും ഗോവയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഫ്‌ളാഷ്ബാക്ക് സീന്‍ കാണിക്കുമ്പോള്‍ മോണോയും ഗ്രാമത്തിലെ സീനിന് സ്റ്റീരിയോയും ഉപയോഗിച്ചു. ഗോവയിലെത്തിയതിന് ശേഷമുള്ള സീനില്‍ ഡി.ടി.എസ്സായിരുന്നു. എന്നാല്‍ സിനിമ പരാജയമായതുകൊണ്ട് ആരും അന്ന് അത് ശ്രദ്ധിച്ചില്ല,’ വെങ്കട് പ്രഭു പറയുന്നു.
Content Highlight: Venkat Prabhu about Goa movie failure