| Monday, 2nd September 2024, 11:30 am

സൂര്യ പറഞ്ഞ നിര്‍ദേശങ്ങള്‍ സ്‌ക്രിപ്റ്റില്‍ ചേര്‍ത്തപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ വന്നില്ല, അതുകൊണ്ട് മാസ് പരാജയമായി: വെങ്കട് പ്രഭു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെയ്യുന്ന സിനിമകളെല്ലാം വെവ്വേറെ ഴോണറുകളിലാക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് വെങ്കട് പ്രഭു. ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ കഥ പറഞ്ഞ ചെന്നൈ 600028ലൂടെയാണ് വി.പി സിനിമയിലേക്കെത്തുന്നത്. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു അണിയിച്ചൊരുക്കി. സൂര്യയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു 2015ല്‍ റിലീസായ മാസ് എങ്കിറ മാസിലാമണി വന്‍ പരാജയമായി മാറി.

ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു. മാസ് എന്ന സിനിമ ഒരു കോമഡി സബ്ജക്ടായാണ് താന്‍ ഉദ്ദേശിച്ചതെന്ന് വെങ്കട് പ്രഭു പറഞ്ഞു. എന്നാല്‍ സൂര്യയോട് കഥ പറഞ്ഞപ്പോള്‍ കുറച്ച് മാസ് കൊമേഴ്ഷ്യല്‍ എലമെന്റുകള്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചുവെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതെല്ലാം ചേര്‍ത്തപ്പോള്‍ താന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ വന്നില്ലെന്നും അതുകൊണ്ട് ചിത്രം പരാജയമായെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് രംഗങ്ങളൊന്നും ആദ്യത്തെ ഡ്രാഫ്റ്റില്‍ ഇല്ലായിരുന്നുവെന്നും പിന്നീട് ചേര്‍ത്തതാണെന്നും വി.പി. പറഞ്ഞു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാസ് എന്ന സിനിമ ഒരു കോമഡി സബ്ജക്ടായാണ് ഞാന്‍ പ്ലാന്‍ ചെയ്തത്. ഒരു ആക്‌സിഡന്റില്‍ നിന്ന് രക്ഷപ്പെട്ട നായകന് സിക്‌സ്ത് സെന്‍സ് പോലെ ഒരു കഴിവ് കിട്ടുന്നു, അതുവെച്ച് അയാള്‍ക്ക് ആത്മാക്കളോട് സംസാരിക്കാന്‍ കഴിയുന്നു എന്നായിരുന്നു ആദ്യത്തെ കഥ. പക്ഷേ, കഥ കേട്ട സൂര്യ ഈ കഥയില്‍ കുറച്ച് മാസ് കൊമേഴ്ഷ്യല്‍ എലമെന്റുകള്‍ ചേര്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ‘മങ്കാത്ത പോലെ ഒരു സിനിമ എടുത്ത ആളല്ലേ നിങ്ങള്‍, ഈ സിനിമയും അതുപോലെയാകുമെന്നല്ലേ ആളുകള്‍ വിചാരിക്കുക’ എന്ന് സൂര്യ പറഞ്ഞു.

പക്ഷേ അത്തരം എലമെന്റുകള്‍ ചേര്‍ത്തപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച ഔട്പുട് സിനിമക്ക് വന്നില്ല. അതുകൊണ്ടാണ് മാസ് പരാജയപ്പെട്ടത്. എന്നിരുന്നാലും അതിലെ ഓരോ ഭാഗവും പെര്‍ഫെക്ടാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ ഫ്‌ളാഷ്ബാക്ക് സീനില്‍ 80കളിലെ കാലഘട്ടം പുനഃസൃഷ്ടിച്ചത് വെല്ലുവിളിയായിരുന്നു. എല്ലാ സിനിമയും മികച്ചതാക്കാന്‍ മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ,’ വെങ്കട് പ്രഭു പറഞ്ഞു.

Content Highlight: Venkat Prabhu about failure of Mass movie

We use cookies to give you the best possible experience. Learn more