| Thursday, 26th December 2024, 9:20 am

അജിത് സാറിന് എന്നോട് ദേഷ്യമുള്ളത് ആ ഒരു കാര്യത്തില്‍ മാത്രമാണ്: വെങ്കട് പ്രഭു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെയ്യുന്ന സിനിമകളെല്ലാം വെവ്വേറെ ഴോണറുകളിലാക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് വെങ്കട് പ്രഭു. ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ കഥ പറഞ്ഞ ചെന്നൈ 600028ലൂടെയാണ് വി.പി സിനിമയിലേക്കെത്തുന്നത്. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു അണിയിച്ചൊരുക്കി. ചെറിയ താരങ്ങളെ വെച്ച് മാത്രം സിനിമ ചെയ്തുകൊണ്ടിരുന്ന വി.പി. ആദ്യമായി ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ച് ചെയ്ത ചിത്രമായിരുന്നു മങ്കാത്ത.

അജിത്തിനെ അതുവരെ കാണാത്ത തരത്തില്‍ അവതരിപ്പിച്ച ചിത്രമായി മങ്കാത്ത മാറി. ഒരു സൂപ്പര്‍സ്റ്റാറില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചതിലും മേലെയുള്ള പെര്‍ഫോമന്‍സായിരുന്നു അജിത് മങ്കാത്തയില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അജിത്തും വെങ്കട് പ്രഭുവും ഒന്നിച്ചിരുന്നില്ല. എന്നാല്‍ മങ്കാത്തക്ക് ശേഷവും അജിത്തുമായി വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയിട്ടും ചെയ്യാന്‍ സാധിച്ചില്ലെന്ന് വെങ്കട് പ്രഭു പറഞ്ഞു.

തനിക്ക് മറ്റ് ചില കമ്മിറ്റ്‌മെന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് അജിത്തുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വി.പി. കൂട്ടിച്ചേര്‍ത്തു. ഒരുപാട് അവസരം അടുത്തെത്തിയിരുന്നെങ്കിലും അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വെങ്കട് പ്രഭു പറഞ്ഞു. ആ ഒരു കാരണത്താല്‍ അജിത്തിന് തന്നോട് ദേഷ്യമുണ്ടായിരിക്കാമെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. പ്രൊവോക്ക് ടി.വിയോട് സംസാരിക്കുകയായിരുന്നു വെങ്കട് പ്രഭു.

‘അതുവരെ ചെറിയ സിനിമകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഞാന്‍ ആദ്യമായിട്ട് ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ച് ചെയ്ത സിനിമയായിരുന്നു മങ്കാത്ത. അജിത് സാര്‍ എന്റെ മേലെ വെച്ച വിശ്വാസമായിരുന്നു ആ സിനിമയുടെ വിജയം. പക്ഷേ മങ്കാത്തക്ക് ശേഷവും അദ്ദേഹത്തിന് എന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നുണ്ടായിരുന്നു.

പക്ഷേ വേറെ കുറച്ച് കമ്മിറ്റ്‌മെന്റ്‌സ് കാരണം അതൊന്നും നടക്കാതെ പോയി. പല പ്രൊജക്ടും ആലോച്ചിച്ചെങ്കിലും അതൊന്നും നടന്നില്ല. ആ ഒരു കാര്യത്തില്‍ അജിത് സാറിന് എന്നോട് ദേഷ്യമുണ്ടായിരിക്കാം,’ വെങ്കട് പ്രഭു പറയുന്നു.

അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വിടാമുയര്‍ച്ചി റിലീസിന് തയാറെടുക്കുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അജിത് ചിത്രം കൂടിയാണ് ഇത്. തടം, കളക തലൈവന്‍ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ മഗിഴ് തിരുമേനിയാണ് വിടാമുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Venkat Prabhu about Ajith Kumar and Mankatha movie

We use cookies to give you the best possible experience. Learn more