ചെന്നൈ: ചുംബിക്കണമെന്നുണ്ടെങ്കില്‍ അതിനായി ഏതെങ്കിലും സ്വകാര്യ സ്ഥലം കണ്ടെത്തി അതു ചെയ്യണമെന്നും അത് ആഘോഷമാക്കരുതെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ചില സ്ഥലങ്ങളില്‍ ചുംബന ആഘോഷങ്ങളുണ്ടാകുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചെന്നൈയില്‍ മാനേജ്‌മെന്റ് ബിരുദധാരികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ക്ക് എന്തു കഴിക്കണമെന്നു തോന്നിയാലും കഴിക്കൂ. പക്ഷേ അതു മറ്റുള്ളവരുടെ എന്തെങ്കിലും തരത്തിലുള്ള വികാരത്തെ വൃണപ്പെടുത്തിക്കൊണ്ടാകരുത്. അതൊരിക്കലും ആഘോഷത്തിന്റെ രൂപത്തിലുമാകരുത്. ചില സ്ഥലങ്ങളില്‍ ചുംബന ആഘോഷങ്ങളുണ്ടാകുന്നു. രണ്ടുപേര്‍ക്ക് അതില്‍ താത്പര്യമുണ്ടെങ്കില്‍ അതിനേതെങ്കിലും സ്വകാര്യ സ്ഥലം കണ്ടെത്തി അതു ചെയ്യൂ. അതിനെന്തിനാണ് ആഘോഷം?- അദ്ദേഹം ചോദിച്ചു.
‘സര്‍വകലാശാലയോ, ജുഡീഷ്യറിയോ, സി.വി.സിയോ, സി.എ.ജിയോ, തെരഞ്ഞെടുപ്പ് കമ്മീഷനോ, പാര്‍ലമെന്റോ, നിയമസഭയോ എന്താണെങ്കിലും നമ്മള്‍ അവയെ നശിപ്പിക്കാന്‍ ശ്രമിക്കരുത്. അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിനുള്ളില്‍ വെച്ച് അക്കാര്യം ചര്‍ച്ച ചെയ്യണം. പുറത്തുപോയി ആ സ്ഥാപനത്തെ നശിപ്പിക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കണം.’- അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍വകലാശാലകളില്‍ എന്തെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും രാജ്യത്തെ 900 സര്‍വകലാശാലകളില്‍ ഭൂരിഭാഗത്തിലും അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്നതു സന്തോഷമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു. 1999 മുതലുള്ള എക്സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
‘എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്.’വെങ്കയ്യനായിഡു പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.
രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയാണെന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും സാമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.
രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടന്നെും രാഷ്ട്രീയത്തില്‍ ഒരാള്‍ മറ്റൊരാളുടെ ശത്രുവായിട്ടാണ് കാണുന്നത്. എന്നാല്‍ അവര്‍ എതിരാളികള്‍ മാത്രമാണെന്ന അടിസ്ഥാന വസ്തുത എല്ലാവരും മറക്കുന്നുവെന്നും വെങ്കയ്യനായിഡു കൂട്ടി ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്നു മാറി പാര്‍ലമെന്റിലും നിയമസഭയിലും എം.പി മാരും എം.എല്‍.എ മാരും എങ്ങനെയാണ് പെരുമാറുന്നതെന്നും വെങ്കയ്യനായിഡു ചോദിച്ചു.