| Tuesday, 1st September 2020, 7:14 pm

കേരളത്തിലെ അക്രമരാഷ്ട്രീയം അവസാനിക്കണമെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വിചാരിക്കണം: പി. ജയരാജന്‍ സംസാരിക്കുന്നു

അന്ന കീർത്തി ജോർജ്

വെഞ്ഞാറമൂട് കൊലപാതകക്കേസിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം നേതാവ് പി.ജയരാജന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു…

പി. ജയരാജന്‍

സി.പി.ഐ.എം പ്രതിസ്ഥാനത്ത് വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയും അതേസമയം കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ മാധ്യമങ്ങള്‍ മറച്ചുവെക്കുകയാണെന്നും സി.പി.ഐ.എം നേതാക്കളടക്കമുള്ളവര്‍ ആരോപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?

പൊതുബോധനിര്‍മ്മിതിയില്‍ ഇപ്പോഴും മേധാവിത്വം പുലര്‍ത്തുന്നത് വലതുപക്ഷമാണ്. ആധിപത്യമുള്ള വര്‍ഗത്തിന്റെ താല്‍പര്യമാണ് പൊതുബോധനിര്‍മ്മിതിയെ സ്വാധീനിക്കുക. ഇതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളത്. ഇന്ത്യയിലെ മാധ്യമങ്ങളെ ആര്‍.എസ്.എസ്്- ബി.ജെ.പി വിലക്കെടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ സംഘപരിവാറിന്റെ പേ റോളില്‍ ഉള്‍പ്പെടുന്നവയാണ് ഇവിടെയുള്ള ഭൂരിപക്ഷം മാധ്യമങ്ങളും. അപ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായ പൊതുബോധനിര്‍മ്മിതിക്കാണ് ഈ മാധ്യമങ്ങള്‍ ശ്രമിക്കുക.

കേരളത്തിലും ആ പേ റോളില്‍ പേരുള്ള അച്ചടിപത്രങ്ങളും ദൃശ്യമാധ്യമങ്ങളുമുണ്ട്. ആര്‍.എസ്.എസിനും ബി.ജെപിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. സ്വാഭാവികമായും സി.പി.ഐ.എമ്മിനെ അക്രമികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കുക, കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങള്‍ മറച്ചുവെക്കുകയുമാണ് കേരളത്തിലെ മാധ്യമങ്ങള്‍ കുറെ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

പെരിയ ഇരട്ട കൊലക്കേസ് വന്നപ്പോള്‍ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും എത്രയോ ദിവസങ്ങളാണ് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയതെന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതുണ്ട്. രാത്രി 12 മണിക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനങ്ങളുള്ള, അങ്ങനെ ചെയ്യുന്ന മനോരമയും മാതൃഭൂമിയും ഒറ്റക്കോളം വാര്‍ത്ത പോലും കോണ്‍ഗ്രസ് നടത്തിയ നിഷ്ഠൂരമായ വെഞ്ഞാറമൂട് കൊലപാതകത്തെ കുറിച്ച് നല്‍കിയില്ലല്ലോ. കൃത്യമായ രാഷ്ട്രീയ പക്ഷപാതിത്വമാണ് ഈ മാധ്യമങ്ങള്‍ക്കുള്ളത്. ഇത്തരത്തില്‍ ആസൂത്രിതമായ ശ്രമമാണ് കുറെ നാളുകളായി മാധ്യമങ്ങള്‍ നടത്തുന്നത്.

വെഞ്ഞാറമൂട് സംഭവത്തില്‍ മാത്രമല്ല, മറ്റു പല സംഭവങ്ങളിലും മാധ്യമങ്ങളുടെ ഈ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമായി കാണാനാകും. കേരളത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 കോടി രൂപയാണ് നല്‍കിയത്. എല്ലാവരും അഭിനന്ദിക്കേണ്ട ദേശാഭിമാന പ്രചോദിതമായ ഈ പ്രവര്‍ത്തനത്തെ ഒറ്റക്കോളം വാര്‍ത്തയാക്കിയവരാണ് സര്‍ക്കുലേഷനില്‍ മുന്‍പന്തിയിലുള്ള കേരളത്തിലെ ‘മ’ പത്രങ്ങള്‍.

ഇത്തരത്തില്‍ മാധ്യമധര്‍മം പോലും മറന്നുകൊണ്ട് രാഷ്ട്രീയ പക്ഷപാതിത്വം നടത്തുന്നവരെ ഇക്കാലത്ത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യങ്ങളിലൂടെയുമുള്ള പലരുടെയും ഇടപെടലുകള്‍ വഴിയാണ് ഇവ പലപ്പോഴും പുറത്തുവരുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ ജനാധിപത്യപരമായ രീതിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവിടെ ജനങ്ങള്‍ക്ക് തിരിച്ച് ചോദ്യം ചോദിക്കാനും പ്രതികരിക്കാനും ആകുമല്ലോ. ഇങ്ങനെ വരുന്ന പ്രതികരണങ്ങളാണ് അച്ചടിപത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ഈ ഹീനമായ ശ്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ തടയുന്നത്.

വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ്

കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ അതിനിഷ്ഠൂരമായ കൊലപാതകമാണ് തിരുവനന്തപുരം വെഞ്ഞാറമൂടില്‍ നടന്നത്. എന്നുമാത്രമല്ല, ഇത് ആര്‍.എസ്.എസ് മാതൃകയിലുള്ള കൊലപാതകമാണ്. കൊല നടത്താന്‍ ആര്‍.എസ്.എസുകാര്‍ കൃത്യമായ ആസൂത്രണം നടത്താറുണ്ട്. ഇന്നലെ അച്ചടിപത്രങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് പത്രങ്ങളൊന്നും ഇറങ്ങില്ല. പത്രങ്ങളില്ലാത്ത ഒരു ദിവസം കണക്കാക്കിയാണ് ഈ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത്.

കേരളത്തില്‍ ആര്‍.എസ്.എസ് നടത്തിയിട്ടുള്ള അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാത്ത വിധമാണ് ഇക്കാര്യങ്ങളെല്ലാം നടത്തിയിട്ടുള്ളതെന്ന് മനസ്സിലാകും. ഇതേ രീതിയിലുള്ള ആര്‍.എസ്.എസ് മോഡല്‍ ആക്രമണമാണ് കോണ്‍ഗ്രസ് വെഞ്ഞാറമൂട് നടത്തിയത്.

ഇപ്പോള്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും ഇരട്ട സഹോദരങ്ങളെപ്പോലെയല്ലേ പ്രവര്‍ത്തിക്കുന്നത്. മാധ്യമചര്‍ച്ചകളില്‍ വരെ ആര്‍.എസ്.എസും കോണ്‍ഗ്രസും പരസ്പരം വിവരങ്ങള്‍ കൈമാറുന്നത് വരെ ജനങ്ങള്‍ കാണുന്നുണ്ട്.

കായംകുളത്ത് കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ സിയാദ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കായംകുളത്ത് സിയാദ് എന്ന സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ മൂന്ന് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണമാണ് നടന്നിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതില്‍ പങ്കുണ്ട്. എന്നിട്ട് മാധ്യമങ്ങളിലൂടെ അഹിംസാവേഷമണിയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്.

സി.പി.ഐ.എം അടക്കമുള്ള എല്ലാ പാര്‍ട്ടികളും കേരളത്തില്‍ തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടില്ലേ. പിന്നെങ്ങിനെയാണ് കോണ്‍ഗ്രസാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയതെന്ന് സി.പി.ഐ.എമ്മിന് ആരോപിക്കാന്‍ സാധിക്കുക ?

കേരളത്തില്‍ അഹിംസാ മുഖപടമണിഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ ഹിംസക്ക് കൈയ്യും കണക്കുമില്ല. ഇത് കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ കോണ്‍ഗ്രസ് നടത്തിയത് പോലുള്ള ഹിംസ മറ്റൊരു പാര്‍ട്ടിയും നടത്തിയിട്ടില്ലെന്ന് കാണാനാകും.

കേരളത്തിന്റെ മാത്രം കാര്യമെടുത്താല്‍, കെ.പി.സി.സി നേതാവായിരുന്ന മൊയാരത്ത് ശങ്കരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തെ കശാപ്പ് ചെയ്യാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ കുറുവടിപ്പടയുടെ ക്രൂരമായ മര്‍ദ്ദനമേറ്റാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൊയാരത്ത് ശങ്കരന്‍ കൊല്ലപ്പെട്ടത്. മൊയാരത്ത് ശങ്കരന്‍ മുതല്‍ എത്രയെത്ര ഹീനകൃത്യങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്.

ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ഒരിക്കല്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടിയന്തരാവസ്ഥ കാലത്ത് ബീഡി തൊഴിലാളിയായ രാഘവനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വരെ സ്ഥാനാര്‍ത്ഥിയാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.

എന്നാല്‍ മാധ്യമങ്ങള്‍ നടത്തുന്ന നിര്‍മ്മിതികളുടെ ഭാഗമായി കോണ്‍ഗ്രസ് അക്രമം നടത്താത്ത പാര്‍ട്ടിയായി നില്‍ക്കുകയാണ്. പക്ഷെ ജനങ്ങള്‍ ഈ ചരിത്രമെല്ലാം തിരിച്ചറഞ്ഞിട്ടുണ്ട്.

പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളം എന്നേ നിറുത്തേണ്ടതായിരുന്നതല്ലേ അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും. ഓരോ കൊലപാതകവും നടക്കുമ്പോള്‍ മാത്രം ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയും പരസ്പരം പഴിചാരുകയുമല്ലാതെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഇതുവരെയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയോ നടപ്പില്‍ വരുത്തകയോ ചെയ്തിട്ടില്ല. പലപ്പോഴും കൊലക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടികള്‍ നരിട്ട് തന്നെ നിയമസഹായം നല്‍കാറുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏതെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറുകുന്നുണ്ടോ ?

അക്രമങ്ങളും കൊലയും നടത്തുന്നതും പ്രതികളെ സംരക്ഷിക്കുന്നതും സി.പി.ഐ.എമ്മിന്റെ രീതിയല്ല. പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയല്ലോ. ഈ ഒരു നിലപാട് കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നില്ല. കായംകുളം കൊലക്കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ് പ്രതി. കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരാണ് വെഞ്ഞാറാമൂട് കേസിലെ പ്രതികള്‍. അവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ഇതേവരെ തയ്യാറായിട്ടില്ല. ഇത് തന്നെയാണ് ബി.ജെ.പിയുടെ കാര്യവും.

പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍

എന്നാല്‍ സി.പി.ഐ.എം ഇക്കാര്യങ്ങളില്‍ കൃത്യമായ നടപടിയാണ് സ്വീകരിക്കുന്നത്. പക്ഷെ ഒരു ഉപാധി ഇക്കാര്യത്തിലുണ്ട്. ഭരണകൂടത്തിന്റെ ദുസ്വാധീനത്തിന് വഴങ്ങി കള്ളക്കേസില്‍ പ്രതി ചേര്‍ത്തുകഴിഞ്ഞാല്‍ അതിനുമേല്‍ പാര്‍ട്ടിക്ക് നടപടിയെടുക്കാനാകില്ല. കാരണം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഹീനമായ ശ്രമങ്ങള്‍ ഭരണകൂടം പലപ്പോഴും കൈക്കൊണ്ടിട്ടുണ്ട്. കള്ളക്കേസില്‍ പ്രതി ചേര്‍ത്തതുകൊണ്ട് മാത്രം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കില്ല. അതേസമയം ജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പൊതുവില്‍ ബോധ്യമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാട് പാര്‍ട്ടിയെടുത്തിട്ടുണ്ട്. ചന്ദ്രശേഖരന്‍ കൊലപാതകക്കേസ് പാര്‍ട്ടി അന്വേഷിച്ച് സംഘടനാപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

അക്രമരാഷ്ട്രീയം ഇല്ലാതാകണമെങ്കില്‍ അക്രമങ്ങളും കൊലകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും അത് നിര്‍ത്തലാക്കണം. അവര്‍ അത് തീരുമാനിക്കണം. ഏതെങ്കിലും പാര്‍ട്ടിയെ അക്രമിക്കുക എന്നത് സി.പി.ഐ.എമ്മിന്റെ ശൈലിയല്ല. അത്തരം സംഭവങ്ങള്‍ പ്രാദേശികമായി എവിടെയെങ്കിലും നടക്കുമ്പോള്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന് ഉദാഹരണസഹിതം ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു.

താങ്കള്‍ സൂചിപ്പിച്ച പെരിയ കൊലപാതക്കേസില്‍ പ്രതികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് പാര്‍ട്ടി മുതിര്‍ന്ന അഭിഭാഷകരെ വരുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നല്ലോ ?

പെരിയ കേസ് കേരള പൊലീസ് സത്യസന്ധമായാണ് അന്വേഷിച്ചത്. പക്ഷെ അതിനപ്പുറം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ആ കേസില്‍ ദുരുദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നിയമപരമായി നീങ്ങിയത്. സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയെ കൂട്ടിലടച്ച തത്തയെന്നാണ് സുപ്രീം കോടതി പോലും വിലയിരുത്തിയത്. രാഷ്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയ ചരിത്രവുമുണ്ട്.

സി.പി.ഐ.എമ്മിനെ പോലെ പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നില്‍ക്കില്ലെന്നാണല്ലോ കോണ്‍ഗ്രസ് നേതാക്കള്‍ വെഞ്ഞാറമൂട് സംഭവത്തില്‍ പ്രതികരിച്ചത്, ഈ വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു ?

പെരിയ കേസില്‍ പ്രവര്‍ത്തകരെ പ്രതികളായി ചേര്‍ത്തപ്പോള്‍ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. കോണ്‍ഗ്രസ് അത് ചെയ്യുന്നില്ല. എന്നിട്ടും ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിന്റെ കാപട്യമാണ് തെളിയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM Leader P. Jayarajan on Venjaramoodu murder case and Congress’s political murders in Kerala

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more