Advertisement
Kerala News
വെഞ്ഞാറമൂട് കൊലപാതകം: പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 01, 02:27 am
Tuesday, 1st September 2020, 7:57 am

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 9 പേര്‍ കസ്റ്റഡിയിലാണ്.

ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്.

മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥിലാജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. നേരത്തെ ഡി.വൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്. കൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഒന്നാം പ്രതിയായ സജീവ് ഉള്‍പ്പെടെ 9 പേര്‍ ഇതിനകം കസ്റ്റഡിയിലുണ്ട്. ഇതില്‍ സജീവ്, സനല്‍, അജിത്ത് കൊലപാതകത്തില്‍ പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അതേസമയം ഇന്നലെ വൈകിട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.

ഞായറാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ മിഥില്‍ രാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹഖ് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹഖ് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

venjaramood-murder-case  FIR says that the accused are Congress workers