| Tuesday, 1st September 2020, 9:28 pm

ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും; അക്രമണം തുടരണമോയെന്ന് സി.പി.ഐ.എം പറയണം; ഭീഷണിയുമായി കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലായിരുന്നു കെ.സുധാകരന്റെ ഭീഷണി.

അക്രമം തുടരണമോ വേണ്ടയോ എന്ന് സി.പി.ഐ.എം പരസ്യമായി പറയണമെന്നും കണ്ണൂര്‍ ജില്ലയില്‍ സി.പി.ഐ.എം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

തുടര്‍ച്ചയായി അക്രമം നടത്തുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയുമാണ് സി.പി.ഐ.എമ്മന്നും സുധാകരന്‍ എം.പി പറഞ്ഞു. നേരത്തെ കണ്ണൂരില്‍ പാര്‍ട്ടി ഓഫിസുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കെതിരെയും ആക്രമണം നടന്നിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അക്രമം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍.മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 8 പേര്‍ കസ്റ്റഡിയിലാണ്.

നേരത്തെ വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ഗാങ്ങുകള്‍ തമ്മില്‍ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തില്‍ ഒരു തരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണം സി.പി.ഐ.എം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം കൊലക്കേസ് പ്രതികള്‍ക്ക് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അടൂര്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

കൊലയ്ക്ക് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ലക്ഷ്യം നിര്‍വഹിച്ചെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.

കൊലയാളി സംഘത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.അറസ്റ്റിലായവരെല്ലാം കോണ്‍ഗ്രസിന്റെ സജീവനേതാക്കളാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights:K Sudhakaran threaten cpim kannur party office attack venjaramood DYFI workers murder case

Latest Stories

We use cookies to give you the best possible experience. Learn more