| Monday, 31st August 2020, 10:05 am

വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബൈക്കും കത്തിയും കണ്ടെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബെക്കും കത്തിയും കണ്ടെടുത്തു. അക്രമി സംഘം സഞ്ചരിച്ച രണ്ട് ബൈക്കുകളാണ് കണ്ടെടുത്തത്.

മദപുരത്തെ സനല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ബൈക്കും കത്തിയും കണ്ടെടുത്തതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സനല്‍ ഒളിവിലാണെന്നാണ് സൂചന.

നേരത്തെ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ ഷജിത്തിനെ പൊലീസ് പിടികൂടിയിരുന്നു. വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഷജിത്താണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും നേരത്തെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് അക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം ആരോപിച്ചിരുന്നു.

രണ്ട് മാസം മുമ്പ് ഫൈസല്‍ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ പ്രതി കോണ്‍ഗ്രസുകാരനായ സജിത്താണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം ആരോപിച്ചിരുന്നു.

ഫൈസലിനെ ആക്രമിച്ച അതേ സംഘമാണ് മിഥില്‍ രാജിനെയും ഹക്ക് മുഹമ്മദിനെയും കൊലപ്പെടുത്തിയതെന്നും റഹിം ആരോപിച്ചിരുന്നു.

കേരളത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആസൂത്രണം ചെയ്തിരിക്കുന്ന  അതിപൈശാചികമായ ഒരു കൊലപാതകമാണ് ഇന്ന് വെഞ്ഞാറമൂട്ടില്‍ നടന്നിരിക്കുന്നത്. രണ്ട് പ്രവര്‍ത്തകരെയാണ് ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഈ സംഭവ സ്ഥലത്ത് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫൈസല്‍ എന്ന് പേരുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

അന്നും ഇതിന് സമാനമായ ഒരു പ്രവര്‍ത്തനം തന്നെയാണ് നടന്നത്. ഇന്ന് ഈ സംഭവത്തില്‍ ദൃക്‌സാക്ഷികളുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം അന്നത്തെ അക്രമത്തിന് നേതൃത്വം കൊടുത്ത പ്രദേശത്തെ കൊടും കുറ്റവാളിയും യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനുമായ സജീവ് എന്നയാളാണ് ഈ കൊലപാതകത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരിക്കുന്നതുമെന്നും റഹിം പറഞ്ഞു.

കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എമ്മും ആരോപിച്ചു. ആറംഗ സംഘമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ മിഥില്‍ രാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. ആക്രമണം നടത്തിയ സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content HIghlight: Venjaramood murder case; found knife and bike used by convicts

Latest Stories

We use cookies to give you the best possible experience. Learn more