സന്ദര്‍ശക ഫീസ് ഈടാക്കാനൊരുങ്ങി വെനീസ്; സഞ്ചാരികളുടെ എണ്ണവും പരിമിതപ്പെടുത്തും
World News
സന്ദര്‍ശക ഫീസ് ഈടാക്കാനൊരുങ്ങി വെനീസ്; സഞ്ചാരികളുടെ എണ്ണവും പരിമിതപ്പെടുത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 1:38 pm

റോം: 2024 ഏപ്രില്‍ മുതല്‍ വെനീസ് പ്രവേശന ഫീസും സന്ദര്‍ശകരുടെ എണ്ണത്തിന് പരിധിയും നിശ്ചയിക്കുമെന്ന് ഇറ്റാലിയന്‍ സിറ്റി മേയര്‍ ലുയിഗി ബ്രുഗ്‌നാറോ. സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് പുതിയ സംവിധാനം രൂപീകരിച്ചതെന്ന് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ലോകത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്, ഇതിലൂടെ നിങ്ങള്‍ക്ക് ഒരു സിറ്റിയെ നേരത്തെ ബുക്ക് ചെയ്യാനാകും,’ സിറ്റി മേയര്‍ പറഞ്ഞു.

പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 25 മുതല്‍ മെയ് അഞ്ച് വരെയുള്ള തിരക്കേറിയ ടൂറിസ്റ്റ് സീസണില്‍ രാവിലെ 8.30നും വൈകുന്നേരം 4നും ഇടയില്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് 5 യൂറോ നല്‍കണം.

യാത്രക്കാര്‍ അവരുടെ സന്ദര്‍ശനം ഓണ്‍ലൈനായി ബുക്ക് ചെയ്യുകയും ഒരു ക്യു ആര്‍ കോഡ് നേടുകയും അത് പ്രത്യേകം പോയിന്റുകള്‍ കാണിച്ച് പരിശോധിച്ചശേഷം മാത്രമേ വെനീസ് നഗരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.

ഗ്ലാസ് നിര്‍മ്മാണ വ്യവസായത്തിന് പേര് കേട്ട മൊറാനോ പോലുള്ള തടാകത്തിലെ ചെറു ദ്വീപുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

സെന്റ് മാര്‍ക്ക് സ്‌ക്വയര്‍, റിയാല്‍റ്റോ ബ്രിഡ്ജ് എന്നിവ ഉള്‍പ്പെടുന്ന മനോഹരമായ കനാലുകളും കാഴ്ചകളും ആസ്വദിക്കാന്‍ ചെറിയ നഗരത്തിലേക്ക് ഒഴുകുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് അധികാരികള്‍ വര്‍ഷങ്ങളായി ആലോചിക്കുകയായിരുന്നു. 51,000 ത്തോളം ആളുകള്‍ സ്ഥിരതാമസക്കാരായി വെനീസ് നഗരത്തിലുണ്ട്. അനിയന്ത്രിതമായ സന്ദര്‍ശകരുടെ വരവ് ഇവരുടെ സ്വഭാവിക ജീവിതത്തിന് പ്രയാസമുണ്ടാക്കുന്നുണ്ട്.

വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം ഇടിയുകയും സന്ദര്‍ശകരുടെ സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കുകയും ചെയ്യുമെന്ന പേടിയില്‍ ടിക്കറ്റിങ് പ്ലാന്‍ കാലങ്ങളായി മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വെനീസിനെ അപകട സാധ്യതയുള്ള ലോക പൈതൃക സ്ഥലമായി പട്ടികപ്പെടുത്തുമെന്ന് യുനെസ്‌കോ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ അധികാരികള്‍ തീരുമാനിച്ചത്.

വെനീസില്‍ ജനിച്ചവരും താമസക്കാരും നഗരത്തിലെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടും. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. നടപടികള്‍ പാലിക്കാത്തവരില്‍ നിന്ന് 50 മുതല്‍ 310 യൂറോ വരെ പിഴ ഈടാക്കും.

content highlight : Venice to trial admission fee, visitor limit from April 2024