കൊലക്കേസ് പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ച് 'ലക്ഷ്യം നിര്‍വഹിച്ചെന്ന്' അറിയിച്ചു; ഗുരുതര ആരോപണവുമായി മന്ത്രി ജയരാജന്‍
Kerala
കൊലക്കേസ് പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ച് 'ലക്ഷ്യം നിര്‍വഹിച്ചെന്ന്' അറിയിച്ചു; ഗുരുതര ആരോപണവുമായി മന്ത്രി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2020, 12:28 pm

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍. കൊലക്കേസ് പ്രതികള്‍ക്ക് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അടൂര്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

കൊലയ്ക്ക് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ലക്ഷ്യം നിര്‍വഹിച്ചെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.

കൊലയാളി സംഘത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.അറസ്റ്റിലായവരെല്ലാം കോണ്‍ഗ്രസിന്റെ സജീവനേതാക്കളാണെന്നും മന്ത്രി പറഞ്ഞു.

രണ്ട് മാസം മുന്‍പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തത് അടൂര്‍ പ്രകാശായിരുന്നെന്നും ഇക്കാര്യത്തിലെല്ലാം കോണ്‍ഗ്രസിന് വ്യക്തമായ പങ്കുണ്ടെന്നും സി.പി.ഐ.എം ജില്ലാ നേതൃത്വവും ആരോപിച്ചു.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 9 പേര്‍ കസ്റ്റഡിയിലാണ്.

ഇന്ന് രണ്ട് പേര്‍ കൂടി പൊലീസ് പിടിയാലായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് നാല് പേര്‍ ചേര്‍ന്നാണെന്നാണ് പൊലീസ് പറയുന്നത്. സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവരാണ് അക്രമത്തില്‍ പങ്കെുടത്തതെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളായ മറ്റ് നാലുപേര്‍ സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നെന്നും അവര്‍ അക്രമം നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച രാത്രിയാണ് 10.45ഓടെയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്. മരിച്ച യുവാക്കളിലൊരാളായ ഹക്ക് മുഹമ്മദിനെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മുമ്പും ഹക്ക് മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയും പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയിരുന്നതായുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

content highlight:venharanmood murder ep jayarajan against adoor prakash