വേങ്ങരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്: ഏഴായിരത്തിലേറെ വോട്ടുകള്‍ അധികം നേടി എല്‍.ഡി.എഫ്
Daily News
വേങ്ങരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്: ഏഴായിരത്തിലേറെ വോട്ടുകള്‍ അധികം നേടി എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2017, 10:40 am

മലപ്പുറം: വേങ്ങരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്. വേങ്ങരയടക്കം എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം മുന്‍തെരഞ്ഞെടുപ്പിലേതിനേക്കാള്‍ പകുതിയോളം ഇടിഞ്ഞു. മുസ്‌ലിം ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയിലടക്കം ലീഗിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചത്. മുന്‍തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നേടിയത് 38057 വോട്ടുകളുടെ ഭൂരിപക്ഷമാണ്. കുഞ്ഞാലിക്കുട്ടിയേക്കാള്‍ 14747 വോട്ടുകളുടെ കുറവാണ് ഖാദറിനുണ്ടായത്.


Also Read:വേങ്ങരയില്‍ ബി.ജെ.പി നാലാമത്: മൂന്നാം സ്ഥാനത്തെത്തിയത് എസ്.ഡി.പി.ഐ


വേങ്ങരയില്‍ യു.ഡി.എഫ് നേടുന്ന ഏറ്റവും കുറഞ്ഞ വോട്ടാണിത്. അതേസമയം, മുസ്‌ലിം ലീഗിലെ വിമതന്‍ ലീഗിന്റെ വോട്ടുനിലയെ വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടയ്ക്കും താഴെ 442 വോട്ടുകള്‍ മാത്രമാണ് വിമത സ്ഥാനാര്‍ത്ഥി ഹംസ നേടിയത്.

അതേസമയം എല്ലാ പഞ്ചായത്തുകളിലും എല്‍.ഡി.എഫ് വന്‍മുന്നേറ്റം കാഴ്ചവെച്ചു. 7793 വോട്ടുകളാണ് എല്‍.ഡി.എഫ് ഇത്തവണ അധികം നേടിയത്.