മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ആരംഭിച്ചു. ആദ്യമണിക്കൂറില്‍ എട്ട് ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ്മണി മുതലാണ് വോട്ടിങ് ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് സമയം. ആകെ 165 പോളിങ് ബൂത്തുകളുണ്ട്.
മണ്ഡലത്തില്‍ 87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരായുണ്ട്. രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു.
കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാനമുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍. ആകെ ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്.
ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഞായറാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ് വോട്ടെണ്ണല്‍.