കാരക്കസ്: അര്‍ബുദ രോഗത്തില്‍ താന്‍ പൂര്‍ണമായും മുക്തനായെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഹൂഗോ ഷാവേസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മൂന്നു മാസം ശേഷിക്കേ ഔദ്യോഗിക വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച മുതല്‍ വെനസ്വലയന്‍ പ്രവിശ്യകളില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമെന്നും ഷാവേസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
2011ന്റെ പകുതിയോടെയാണ് ഷാവേസിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ആ വര്‍ഷം അവസാനം തന്നെ തന്റെ ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായെന്ന് ഷാവേസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഷാവേസ് വീണ്ടും ക്യാന്‍സറിന് ചികിത്സതേടി. ക്യൂബയിലും വെനസ്വലയിലുമായി നടത്തിയ തുടര്‍ച്ചയായ ചികിത്സയ്ക്കുശേഷം ഇപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഷാവേസ് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച മുതല്‍ വെനസ്വലയന്‍ പ്രവിശ്യകളില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമെന്നും ഷാവേസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒക്‌റ്റോബര്‍ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കും. മരണത്തിന്റെ നേരിയ വിത്തുകള്‍ വിതച്ച അര്‍ബുദ രോഗത്തില്‍ നിന്നു താന്‍ പൂര്‍ണമായും വിമുക്തി നേടിയെന്നും വെനസ്വേലന്‍ പ്രസിഡന്റ് പദവിയിലേയ്ക്കു ബൂര്‍ഷ്വാവര്‍ഗത്തിനു പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച നടത്തിയ പരിശോധനയില്‍ അര്‍ബുദമുഴകള്‍ പൂര്‍ണമായും അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചു. ഇപ്പോള്‍ താന്‍ നേരത്തേതിനേക്കാള്‍ ഊര്‍ജസ്വലനാണെന്നും ഇനിയാണ് താന്‍ ശരിക്കും കളത്തിലിറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ക്യാന്‍സര്‍ രോഗം വീണ്ടും തിരിച്ചുവന്നയാളില്‍ ചികിത്സ കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാകാതെ പൂര്‍ണമായി മാറിയോ എന്ന് പറയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.