| Sunday, 13th January 2013, 2:06 pm

ഷാവേസ് കോമയിലല്ലന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കോമയിലല്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. ഷാവേസിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹം കോമയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഷാവേസിന്റെ സഹോദരന്‍ ആദന്‍ ഷാവേസ് രംഗത്തെത്തിയത്.[]

ഷാവേസ് കോമയിലാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. ഷാവേസ് മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ആദന്‍ ഇന്ന് അറിയിക്കുകയായിരുന്നു.
ക്യൂബയില്‍ അര്‍ബുധരോഗ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ രക്തസ്രാവം അണുബാധയ്ക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ മാസം 11 നാണ് ഷാവേസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ശ്വാസകോശത്തിലാണ് അണുബാധയുണ്ടായിരിക്കുന്നത്. ഇടയ്ക്കിടെ ശ്വാസതടസ്സവുമുണ്ടാകുന്നുണ്ട്. പെല്‍വിക് കാന്‍സറാണ് ഷാവേസിനെ ബാധിച്ചിരിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ ശസ്ത്രക്രിയയ്ക്കും നാല്  വട്ടം കീമോ തറാപ്പിക്കും ഷാവേസ് വിധേയനായിട്ടുണ്ട്.

ഭേദമായെന്ന് കരുതിയ രോഗം വീണ്ടും തിരിച്ചെത്തിയതോടെ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് ഷാവേസ് ചികിത്സയ്ക്കായി ക്യൂബയിലേക്ക് തിരിച്ചത്.

We use cookies to give you the best possible experience. Learn more