വാട്സ്ആപ്പിനെ വെനസ്വേലയില്‍ നിന്ന് പുറത്താക്കണം; അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മഡുരോ
World
വാട്സ്ആപ്പിനെ വെനസ്വേലയില്‍ നിന്ന് പുറത്താക്കണം; അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മഡുരോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2024, 2:47 pm

കാരക്കാസ്: സാമൂഹ്യ മാധ്യമമായ വാട്സ്ആപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് തന്റെ ഫോണിലെ വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത മഡുറോ തന്റെ അനുയായികളോടും അപ്രകാരം ചെയ്യാന്‍ ആഹ്വാനം ചെയ്തു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ ആപ്പായ വാട്സ്ആപ്പ്, ഫാസിസ്റ്റുകള്‍ ചൂഷണം ചെയ്യുകയാണന്നും ഇത് അക്രമത്തിന് കാരണമാവുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് താന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ടെലിസൂണ്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് പുറത്ത് വിട്ട പത്രക്കുറിപ്പില്‍ മഡുറോ അറിയിച്ചത്.

‘വാട്സ്ആപ്പ് ഉപയോഗിച്ചിരുന്ന ഞങ്ങളെല്ലാവരും ഇനിമുതല്‍ വീ ചാറ്റും ടെലിഗ്രാമും ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുക, അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കാരണം വാട്സ്ആപ്പ് ഉപയോഗിച്ച് വെനസ്വേലയെ ആക്രമിക്കാന്‍ ഇനി കൊളംബിയന്‍ മയക്കുമരുന്ന് കടത്തുകാര്‍ക്ക് സാധിക്കില്ല. അവര്‍ക്ക് മാത്രമല്ല രാജ്യദ്രോഹികള്‍ക്കോ വടക്കേ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കോ ഇനിയതിന് കഴിയില്ല.’ മഡുറോ പറഞ്ഞു.

കഴിഞ്ഞ ദിവസം കാരക്കാസില്‍ നടന്ന റാലിക്കിടെ തന്റെ ഫോണിലെ വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത മഡുറോ തന്റെ അണികളോടും അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

‘ഇത് ചെയ്തെ മതിയാകൂ. വാട്സ്ആപ്പ് വെനസ്വേലയില്‍ നിന്ന് പുറത്ത് കടക്കണം, കാരണം അവിടെനിന്നാണ് ക്രിമിനലുകള്‍ യുവാക്കളെയും നേതാക്കളെയും ഭീഷണിപ്പെടുത്തുന്നത്’. അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ടിക് ടോകും ഇന്‍സ്റ്റാഗ്രാമും വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ് അവയെ നിയന്ത്രിക്കുമെന്ന് മഡുറോ പ്രതിജ്ഞയെടുത്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെനസ്വേലന്‍ പ്രസിഡന്റായി മൂന്നാമതായും ചുമതലയേറ്റതിന് ശേഷം സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് മഡുറോ ഉന്നയിക്കുന്നത്.

യു.എസ് സര്‍ക്കാരും എലോണ്‍ മസ്‌കും ചേര്‍ന്ന് തന്റെ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മഡുറോ മസ്‌കുമായും ഏറ്റുമുട്ടിയിരുന്നു.

Content Highlight: Venezuelan President Nicolas Maduro has publicly uninstalled WhatsApp from his phone